കണ്ണൂര്‍: കുട്ടികളുടെ മാസിക വില്‍ക്കാന്‍ വീട്ടിലെത്തിയ 22-കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് തടവും പിഴയും. പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് 10 വര്‍ഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം കൂടി ശിക്ഷയനുഭവിക്കണം. പുഴാതി വില്ലേജ് ഓഫീസറായിരുന്ന ഇയാള്‍ സസ്‌പെന്‍ഷനിലാണ്.

2021-ലായിരുന്നു സംഭവം. കണ്ണൂരിലെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. കുട്ടികളുടെ മാസിക വില്‍ക്കാനായി വീട്ടിലെത്തിയപ്പോള്‍ അമ്മ അകത്തുണ്ടെന്ന് പറഞ്ഞ് വിളിച്ചശേഷം സെന്‍ട്രല്‍ ഹാളില്‍നിന്ന് പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കണ്ണൂര്‍ വനിതാ സെല്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.കമലാക്ഷിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.പ്രീതാകുമാരി ഹാജരായി.