- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ ഇടപെടല്‍ അനിവാര്യത; അമേരിക്കയിലുള്ള ഇന്ത്യക്കാരെ മാന്യമായ രീതിയില്‍ തിരിച്ചുകൊണ്ടുവരണമെന്ന് കെ വി തോമസ്
ന്യൂഡല്‍ഹി: അമേരിക്കയിലുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലോ, കപ്പലുകളിലോ മാന്യമായി തിരിച്ചുകൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. ഇതിനായി പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അമേരിക്കന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിച്ച ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക, മനുഷ്യത്വ രഹിതമായാണ് തിരിച്ചയയ്ക്കുന്നത്. കൈയ്യിലും കാലിലും വിലങ്ങിട്ട് കടുത്ത തണുപ്പില്‍ വിമാനത്തിന്റെ തറയിലിരുന്ന് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ട വലിയ ദുരന്തമാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
സിഖുക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തലപ്പാവും മറ്റ് ആഹാര ഉപകരണങ്ങളും അഴിച്ചുവെച്ച് അപമാനിക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെട്ട് ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലോ, കപ്പലുകളിലോ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ മാന്യമായി തിരിച്ചുകൊണ്ടുവരുന്ന സാഹചര്യം ഒരുക്കണം എന്ന് കെ വി തോമസ് പ്രധാനമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ധാരാളം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത്. എം എ യൂസഫലി, രവിപിള്ള, സണ്ണി വര്‍ക്കി തുടങ്ങി നൂറ് കണക്കിന് ഇന്ത്യക്കാരുടെ പരിശ്രമങ്ങള്‍ ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുണ്ട്.
തിരികെ എത്തുന്ന ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്ന് കെ വി തോമസ് നിവേദനത്തില്‍ സൂചിപ്പിച്ചു.