- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിതോര്‍ജ മേഖലയില്‍ കേരളത്തിന് വലിയ നിക്ഷേപ സാധ്യതകളുണ്ട്: ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലെ പാനലിസ്റ്റുകള്‍
തിരുവനന്തപുരം: ഹരിതോര്‍ജ മേഖലയിലെ ശക്തികേന്ദ്രമായി രാജ്യത്ത് ഉയര്‍ന്നു വരാന്‍ കേരളത്തിന് സാധിക്കുമെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ (ഐകെജിഎസ്) വിദഗ്ധര്‍ പറഞ്ഞു. സുസ്ഥിര ഊര്‍ജത്തിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ പ്രകടമാണ്. സര്‍ക്കാരിന്റെ മികച്ച ഊര്‍ജനയം ഇതിന് പിന്തുണ നല്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
'എംപവറിംഗ് കേരളാസ് ഫ്യൂച്ചര്‍: അണ്‍ലീഷിംഗ് ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ ക്ലീന്‍ ആന്റ് സസ്റ്റെയ്‌നബിള്‍ എനര്‍ജി' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു പാനലിസ്റ്റുകള്‍. ഹരിത ഊര്‍ജത്തിലേക്കുള്ള സുസ്ഥിര പരിവര്‍ത്തനത്തിലൂടെ പ്രാദേശിക സമൂഹങ്ങള്‍ക്കും സാമ്പത്തിക- പാരിസ്ഥിതിക നേട്ടങ്ങള്‍ ലഭ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹരിത ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് ഉത്പാദനം, പ്രസരണം, വിതരണ ഘട്ടങ്ങളിലെ ചെലവ് കുറയ്‌ക്കേണ്ടത് പ്രധാനമാണെന്ന് സെഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ടാറ്റ പവര്‍ റിന്യൂവബിള്‍ മൈക്രോഗ്രിഡ് ലിമിറ്റഡ് സിഇഒ മനോജ് ഗുപ്ത പറഞ്ഞു. ഹരിത ഊര്‍ജ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗ്രാമീണ ജനതയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അതിനാല്‍ സര്‍ക്കാര്‍ നയങ്ങളും സ്വകാര്യ പങ്കാളിത്തവും വികേന്ദ്രീകൃത സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഇത് ഗ്രാമീണ സമൂഹങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മൂല്യം വര്‍ദ്ധിപ്പിക്കുകയും പരിസ്ഥിതിക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ജൈവ, കാര്‍ഷിക മാലിന്യങ്ങള്‍ ഹരിത ഊര്‍ജത്തിന്റെ സ്രോതസ്സുകളാകാമെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ഹരിതോര്‍ജത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇതിലെ ഒരു മുന്‍നിര സംസ്ഥാനമാകാന്‍ കേരളത്തിന് വലിയ സാധ്യതകളുള്ളതിനാല്‍ പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ജി നരേന്ദ്രനാഥ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയായി മുന്നിലുണ്ട്. താപവൈദ്യുതിയെ കൂടുതലായി ആശ്രയിക്കുന്നത് നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കും. രാജ്യത്തില്‍ ഊര്‍ജ ആവശ്യകതയേറുന്നത് ഹരിതോര്‍ജ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന് കാരണമാണ്. ഹരിതോര്‍ജത്തിലേക്കുള്ള മാറ്റത്തില്‍ ഉത്പാദനം, പ്രസരണം, വിതരണം എന്നീ ഘട്ടങ്ങളിലെ വര്‍ധിച്ച ചെലവ് വെല്ലുവിളി ആണെന്നും നരേന്ദ്രനാഥ് പറഞ്ഞു.
സൗരോര്‍ജ ഉത്പാദനത്തിലും ഉപഭോഗത്തിലും കേരളം നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം ഊര്‍ജ ഉപഭോഗത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് സൗരോര്‍ജത്തില്‍ നിന്നുള്ളതെന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണ മേഖലയിലെ ഊര്‍ജ ആവശ്യകത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അര്‍ബന്‍ മൈക്രോ ഗ്രിഡുകള്‍ വികസിപ്പിക്കുന്നതില്‍ കേരളത്തിന് അനന്ത സാധ്യതകളുണ്ട്. സംസ്ഥാനത്തെ ഊര്‍ജ പ്രതിരോധശേഷിയുള്ളതാക്കി മാറ്റാന്‍ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദത്തമായ ധാരാളം സാധ്യതകള്‍ കേരളത്തിന്റെ ഊര്‍ജമേഖലയിലുണ്ട്. അത്തരം സാധ്യതകള്‍ കണക്കിലെടുത്ത് കേരളം സൗരോര്‍ജ സ്രോതസ്സുകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്ന് സീല്‍ ആന്റ് ടെറെ ഇന്ത്യയുടെ എംഡിയും സിഇഒയുമായ ദീപക് ഉഷാദേവി പറഞ്ഞു.
പുനരുപയോഗിക്കാനാകുന്ന ഊര്‍ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന പ്രധാന സംരംഭമാണെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനിലെ കൗണ്‍സിലര്‍ (ഇന്‍ഡസ്ട്രി, സയന്‍സ് ആന്‍ഡ് റിസോഴ്‌സസ്) സഞ്ജീവ ഡി സില്‍വ പറഞ്ഞു. പുനരുപയോഗിക്കാനാകുന്ന ഊര്‍ജത്തിലേക്കുള്ള മാറ്റം കൊണ്ടു വരുന്നതിനൊപ്പം ഇതില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കേണ്ടതും പ്രധാനമാണ്.
ഹരിതോര്‍ജ ഉപയോഗത്തിലേക്ക് മാറുന്നതിന് ഫണ്ടിന്റെ ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് ആര്‍ഇസി ലിമിറ്റഡ് ഡയറക്ടര്‍ നാരായണ തിരുപ്പതി പറഞ്ഞു. ഹരിതോര്‍ജ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന് പുറമേ സുസ്ഥിര പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ഊര്‍ജ ഉപഭോഗം അനിയന്ത്രിതമായി വര്‍ദ്ധിച്ചതിനാല്‍ ഹരിതോര്‍ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് വളരെ പ്രധാനമാണെന്ന് യുഎഇയിലെ ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ് പറഞ്ഞു. സംയോജിത ഊര്‍ജ സംരക്ഷണ സംവിധാനങ്ങളെ ഷറഫ് ഗ്രൂപ്പ് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.