- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ എന്ന മട്ടില്‍ സാമൂഹിക മാധ്യമത്തില്‍ പരസ്യം കണ്ട് അപേക്ഷിച്ചു; കൊല്ലം സ്വദേശിയായ യുവാവിന് നഷ്ടമായത് 1,16,000 രൂപ
ക്രെഡിറ്റ് കാർഡിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് 1.16 ലക്ഷം രൂപ നഷ്ടമായി
കൊല്ലം: സാമൂഹിക മാധ്യമത്തിലെ പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ച യുവാവിന് നഷ്ടമായത് 1,16,000 രൂപ. കൊല്ലം സ്വദേശിയായ യുവാവിനാണ് ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷയെന്ന വ്യാജേന നടത്തിയ തട്ടിപ്പില്‍ പണം നഷ്ടമായത്. പ്രമുഖ സ്വകാര്യ ബാങ്കിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ എന്ന പരസ്യം കണ്ട് യുവാവ് ക്രെഡിറ്റ് കാര്‍ഡിനുള്ള താത്പര്യം അറിയിക്കുക ആയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു ബാങ്കിന്റെ ലോഗോ ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ പടമുള്ള പരസ്യം കണ്ട് മുണ്ടയ്ക്കല്‍ സ്വദേശിയായ യുവാവ് ഇവരുമായി ബന്ധപ്പെടുന്നത്.
പിറ്റേദിവസം ബാങ്ക് എക്സിക്യുട്ടീവ് എന്ന വ്യാജേനെ ഒരാള്‍ ഫോണില്‍ ബന്ധപ്പെടുകയും ഒരു ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വാട്സാപ്പില്‍ ഒരു എ.പി.കെ. ഫോര്‍മാറ്റ് അയച്ചു നല്കി. ഇത്് ഓപ്പണ്‍ ചെയ്തതോടെ അത് ഫോണില്‍ ഇന്‍സ്റ്റാള്‍ ആയി. തുടര്‍ന്ന് യുവാവ് നിലവില്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ പണത്തിന്റെ പരിധി പരിശോധിക്കുന്നതിനായി ആ കാര്‍ഡിന്റെ നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. അത് നല്കിയപ്പോള് ഫോണില്‍ വന്ന ഒ.ടി.പി. പറഞ്ഞുകൊടുക്കാന്‍ നിര്‍ദേശിച്ചു. അത് കിട്ടിയതോടെ ആറു മിനിറ്റിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 94,696 രൂപയുടെ ഓണ്‍ലൈന്‍ ഇടപാട് നടത്തി തുക തട്ടിയെടുത്തു.
ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കഴിഞ്ഞെന്ന് മനസ്സിലാക്കിയ സംഘം തുടര്‍ന്ന് അപേക്ഷ പൂര്‍ത്തിയാക്കുന്നതിനായി ഡെബിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. അത് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 21,798 രൂപയും തട്ടിയെടുത്തു. ഈ സമയം മുഴുവന്‍ തട്ടിപ്പുകാര്‍ യുവാവിനെ ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു. അതിനാല്‍ ഫോണില്‍ വന്ന മെസേജുകള്‍ ഒന്നും തന്നെ യുവാവ് കണ്ടതുമില്ല. യുവാവ് മെസേജുകള്‍ കാണാതിരിക്കാന്‍ മുഴുവന്‍ പണവും തട്ടിയെടുക്കുന്നതുവരെ നേരിട്ടും വാട്സാപ്പ് മുഖേനയും തുടര്‍ച്ചയായി മുക്കാല്‍ മണിക്കൂറോളം സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു.
ഞായറാഴ്ച രാവിലെ യുവാവ് ഓണ്‍ലൈന്‍ പണമിടപാട് നടത്താന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് മനസ്സിലായതും തട്ടിപ്പ് ബോധ്യമായതും. ഉടന്‍തന്നെ യുവാവ് സൈബര്‍ സെല്ലില്‍ പരാതി നല്കി. ഫയല്‍ ഡൗണ്‍ലോഡ് ആയതോടെയാണ് ഫോണില്‍ വരുന്ന മെസേജുകള്‍ തട്ടിപ്പുസംഘത്തിന് ലഭിക്കാന്‍ വഴിയൊരുങ്ങിയതെന്നും പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായും സൈബര്‍ സെല്‍ അറിയിച്ചു.