വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെയും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘര്‍ഷം.

ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉപരോധം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് കളക്ടറേറ്റിലെ പ്രധാന ഗേറ്റിനു മുന്നിലുള്ള വേദിയിലേക്ക് പോലീസെത്തി നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റു ചെയ്തു നീക്കിയത്. നേതാക്കളുമായി പോയ പോലീസ് വാഹനം തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയാണ്.

കളക്ടറേറ്റ് വളഞ്ഞായിരുന്നു യുഡിഎഫ് പ്രതിഷേധം. ഇതിനിടെ പോലീസ് ഇടപെട്ട് ജീവനക്കാരെ കളക്ടറേറ്റിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. ഇത് വാക്കേറ്റത്തിനിടയായി. ഇതോടെ പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് കടന്നു പ്രതിഷേധിച്ചു. കളക്ടര്‍ കളക്ടറേറ്റിലേക്ക് എത്തിയിട്ടില്ല. ജീവനക്കാരും കളക്ടറേറ്റില്‍ എത്താനായിട്ടില്ല. യുഡിഎഫ് ഉപരോധ സമരം സമ്പൂര്‍ണ്ണ വിജയമായിരുന്നു.