കൊച്ചി: കാക്കനാട് തെങ്ങോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥിനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ട പെണ്‍കുട്ടിക്ക് 15 ദിവസത്തോളമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നത്. ആരോഗ്യസ്ഥിതി മോശമാവുകയും മൂത്രാശയ ബുദ്ധിമുട്ടുകളടക്കം വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വരികയും ചെയ്തു. സ്‌കൂളില്‍ വെച്ച് നടന്ന സംഭവമായിട്ടും അധ്യാപകരുടെ യാതൊരു പിന്തുണയും കുട്ടിക്ക് ലഭിച്ചില്ല എന്ന് അമ്മ പരാതിപ്പെട്ടിരുന്നു.

അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്‌കൂളില്‍ എന്താണ് നടന്നതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയിട്ടും ഇന്‍ഫോപാര്‍ക്ക് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുട്ടിയുടെ കുടുംബം.