തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം രൂക്ഷം. ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ 2016 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 20 വരെ ആക്രിയായി ലേലം ചെയ്തു വിറ്റത് 2202 ബസുകള്‍. പുതിയതായി വാങ്ങിയതാകട്ടെ 538 ബസുകളും. പുതിയ ബസുകള്‍ വാങ്ങാത്തതുമൂലം സംസ്ഥാനാന്തര സര്‍വീസുകള്‍ക്കടക്കം ആവശ്യത്തിന് ബസ് ഇല്ലാത്ത സ്ഥിതിയാണ്.

പല ഗ്രാമീണ റൂട്ടുകളിലും ആവശ്യത്തിനു സര്‍വീസില്ല. ദീര്‍ഘദൂര, സംസ്ഥാനാന്തര സര്‍വീസുകളെയും ബസുകളുടെ കുറവു കാര്യമായി ബാധിച്ചിട്ടുണ്ട്. 538 ബസുകള്‍ പുതിയതായി വാങ്ങിയതില്‍ ഏറെയും സ്വിഫ്റ്റിനു കീഴിലാണ്. കെഎസ്ആര്‍ടിസിക്ക് ഇതില്‍ 100 ബസുകള്‍ മാത്രമാണു ലഭിച്ചത്. കര്‍ണാടകയും തമിഴ്‌നാടും പുതിയ ബസുകള്‍ ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കുമ്പോള്‍ പഴയ ബസുകളുമായാണു കേരളത്തിന്റെ ഓട്ടം. ഇവ പലപ്പോഴും വഴിയിലും കിടക്കും.

ഇടയ്ക്കു വാങ്ങിയ ഓറഞ്ച് നിറത്തിലുള്ള ഗരുഡ ബസുകള്‍ ഇപ്പോള്‍ മോശം അവസ്ഥയിലാണ്. 11 വര്‍ഷം പഴക്കമുള്ള സ്‌കാനിയ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തരം ബസുകളുടെ ബ്രേക്ക്ഡൗണ്‍ നിരക്ക് വളരെ കൂടുതലാണ്. യാത്രയ്ക്കിടെ, ബസ് തകരാറിലായാല്‍ യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിടുകയാണു ചെയ്യുന്നത്. സ്വിഫ്റ്റിനു കീഴില്‍ അവസാനമിറക്കിയ എസി ബസുകള്‍ സംബന്ധിച്ചും പരാതികളുണ്ട്. മുന്‍പു സൂപ്പര്‍ക്ലാസ് ബസുകളുടെ 5 വര്‍ഷ കാലാവധി അവസാനിക്കുമ്പോള്‍ അവ ഓര്‍ഡിനറിയാക്കി മാറ്റുമായിരുന്നു. സൂപ്പര്‍ ക്ലാസ് സര്‍വീസിന് ഉപയോഗിക്കുന്ന ബസുകളുടെ കാലാവധി 12 വര്‍ഷമാക്കിയതോടെ, ആ വഴിക്കും ഓര്‍ഡിനറി ബസുകളുടെ ലഭ്യത കുറഞ്ഞു.