- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിനെ മര്‍ദിച്ചുകൊന്ന കേസ്; റിസോര്‍ട്ട് ഉടമയ്ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും
സുഹൃത്തിനെ മര്‍ദിച്ചുകൊന്ന കേസ്; റിസോര്‍ട്ട് ഉടമയ്ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും
തൊടുപുഴ: സുഹൃത്തിനെ മര്‍ദിച്ചുകൊന്നെന്ന കേസില്‍ റിസോര്‍ട്ട് ഉടമയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. മുനിയറ ഇല്ലിസിറ്റി ഏര്‍ത്തടത്തില്‍ സനീഷി (29)നെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തും റിസോര്‍ട്ട് ഉടമയുമായ രാജാക്കാട് എന്‍.ആര്‍.സിറ്റി പാറമട അയ്യപ്പന്‍പറമ്പില്‍ ബിറ്റാജി (45)നെയാണ് തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എസ്.സീനയാണ് വിധി പറഞ്ഞത്. രണ്ടാംപ്രതി എന്‍.ആര്‍.സിറ്റി സ്വദേശി ജയരാജ്, മൂന്നാംപ്രതി പൂപ്പാറ സ്വദേശി ജയന്‍ എന്നിവരെ വെറുതെവിട്ടു.
വാഹന കച്ചവടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. 2018 ഡിസംബര്‍ എട്ടിന് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പൂപ്പാറ ഭാഗത്ത് ബിറ്റാജ് നിര്‍മിച്ചുവന്നിരുന്ന റിസോര്‍ട്ടില്‍വെച്ചാണ് സംഭവം. സനീഷ് വാഹന ബ്രോക്കറായിരുന്നു. ബിറ്റാജ് പുതുതായി വാങ്ങിയ വാഹനത്തിന്റെ പണത്തെച്ചൊല്ലി സനീഷുമായി റിസോര്‍ട്ടില്‍െവച്ച് തര്‍ക്കമുണ്ടായി. സനീഷിന്റെ തല ചുമരിലും ജനലിന്റെ ഗ്ലാസിലും ഇടിപ്പിച്ചും ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിറ്റാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബിറ്റാജിന്റെ മൊബൈലില്‍നിന്ന് സനീഷിന്റെ, പരിക്കേറ്റനിലയിലുള്ള 24 ഫോട്ടോകള്‍ വീണ്ടെടുത്തു. പ്രതികളും സനീഷും തമ്മിലുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങളും കേസില്‍ നിര്‍ണായകമായി. ബിറ്റാജിന്റെ വസ്ത്രം, ഷൂസ്, സോക്‌സ്, നഖം, മുടി എന്നിവയില്‍നിന്ന് സനീഷിന്റെ രക്തവും കണ്ടെത്തി. ശാന്തന്‍പാറ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ചന്ദ്രകുമാറാണ് ആദ്യം കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഏബിള്‍ സി.കുര്യന്‍, ജോണി അലക്‌സ് എന്നിവര്‍ ഹാജരായി.