ആലപ്പുഴ: നദിയുടെയും ആവാസ വ്യവസ്ഥയുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ സോഷ്യോ ഹൈഡ്രോളജിയുടെ പങ്ക് എന്ന വിഷയത്തില്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍. ഐ. ടി.) തണ്ണീര്‍മുക്കത്ത് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുട്ടനാടും വേമ്പനാട് കായലും കേന്ദ്രീകരിച്ച് നടന്ന ശില്‍പശാല ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വേമ്പനാട് കായലും കുട്ടനാട്ടിലെ ആവാസവ്യവസ്ഥയും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും ജില്ലാ ഭരണകൂടം നടത്തുന്ന കായല്‍പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ എന്‍. ഐ. ടി .സി നെതര്‍ലാന്‍ഡ്സിലെ ഡെല്‍ഫ്റ്റ് സാങ്കേതിക സര്‍വ്വകലാശാലയിലെ വാട്ടര്‍ മാനേജ്‌മെന്റ് വിഭാഗത്തിനൊപ്പം സംയുക്തമായി നടത്തിയ ഇന്റര്‍നാഷണല്‍ റിവര്‍ റിസീലിയന്‍സ് കോണ്‍ഫറന്‍സ് 2025 പരിപാടിയുടെ തുടര്‍ച്ചയായാണ് ശില്പശാല സംഘടിപ്പിച്ചത്. എന്‍. ഐ. ടി. സി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ സാന്തോഷ് ജി. തമ്പി, അന്താരാഷ്ട്ര കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി പത്മകുമാര്‍, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസിലെ പ്രൊഫസര്‍ മുരുഗേശു ശിവപാലന്‍, നെതര്‍ലാന്‍ഡ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെല്‍ഫ്റ്റ്‌സ് അസി. പ്രൊഫസര്‍ ഡോ. സാകേത് പാണ്ഡെ, എന്‍. ഐ. ടി .സി യിലെ ഗവേഷക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.