ഗുരുവായൂര്‍: തെരുവില്‍ കഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തില്‍ നിന്നും ലഭിച്ച ഐ ഫോണിന്റെ ഉടമ കാനഡയിലെന്ന് കണ്ടെത്തി. എറണാകുളം നോര്‍ത്ത് കളമശേരി പുത്തലത്ത് റോഡില്‍ റിവര്‍സൈഡ് റസിഡന്‍സി ഇ4ല്‍ രെമിത്ത് സക്കറിയയുടെ ഭാര്യ ടോംസ്ലിന്റേതാണ് ഈ ഫോണ്‍. ഉടമയെ കണ്ടെത്തിയതിന് പിന്നാലെ ാേഫാണ്‍ കളമശേരി പൊലീസ് സ്റ്റേഷനില്‍ വച്ചു ഉടമയുടെ ബന്ധുക്കള്‍ക്കു കൈമാറി.

കാനഡയില്‍ ജോലി ചെയ്യുന്ന രെമിത്തും ടോംസ്ലിനും കഴിഞ്ഞ ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ എറണാകുളത്തു വച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത്. പിറ്റേന്ന് കാനഡയ്ക്ക് പോകേണ്ടതിനാല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയില്ല. ഇരുവരും കാനഡയിലേക്ക് തിരികെ പോവുകയും ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫോണ്‍ തിരികെ ലഭിക്കുന്നത്.

തെരുവില്‍ കഴിഞ്ഞയാളെ കുളിപ്പിച്ച് പുതുവസ്ത്രവും ഭക്ഷണവും നല്‍കുന്നതിനിടെ സന്നദ്ധ പ്രവര്‍ത്തകനായ തെരുവോരം മുരുകനാണ് മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തില്‍ നിന്നു ലക്ഷങ്ങള്‍ വിലയുള്ള ഫോണ്‍ ലഭിച്ചത്. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിയുടെ ഭാണ്ഡത്തില്‍ നിന്നാണ് മുരുകന് ഫോണ്‍ ലഭിച്ചത്.

2 ലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍ ഫ്‌ലൈറ്റ് മോഡില്‍ ആയതിനാല്‍ ഓപ്പണ്‍ ചെയ്യാനോ കോള്‍ വിളിക്കാനോ കഴിഞ്ഞില്ല. ഫെബ്രുവരി 28ന് 'മനോരമ'യില്‍ ഫോണ്‍ സ്‌ക്രീനിലെ ദമ്പതികളുടെ ചിത്രം അടക്കം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട് ഒരു ബന്ധുവാണ് ദമ്പതികളെ തിരിച്ചറിഞ്ഞതും കാനഡയിലുള്ള രെമിത്തിനെ വിവരം അറിയിക്കുന്നതും.

ഫോണ്‍ സുരക്ഷിതമായി കിട്ടിയെന്നറിഞ്ഞപ്പോള്‍ കാനഡയിലെ ദമ്പതികള്‍ തെരുവോരം മുരുകനുമായി സന്തോഷം പങ്കിട്ടു. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ ജോലി സംബന്ധമായ പ്രധാനപ്പെട്ട ഡേറ്റകളും നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്നു.