കൊല്ലം: ബുധനാഴ്ച കടയ്ക്കലില്‍ നടന്നത് ജില്ലയിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പോലീസ്. ബെംഗളൂരുവില്‍നിന്ന് ലോറിയില്‍ എത്തിച്ച കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമാണ് കടയ്ക്കലില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറായ മലപ്പുറം മഞ്ചേരി വാഴപ്പാറപ്പടി മുല്ലശ്ശേരിഹൗസില്‍ ബഷീറിനെ 45) പോലിസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കള്‍ കടയ്ക്കലില്‍ ആര്‍ക്കാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബഷീര്‍ മുന്‍പും തിരുവനന്തപുരം ജില്ലയിലേക്ക് ലഹരി ഉത്പന്നങ്ങള്‍ കൊണ്ടുവന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ടുകോടിയോളം രൂപ കൊടുത്താണ് ഉത്പന്നങ്ങള്‍ ബെംഗളൂരുവില്‍നിന്ന് വാങ്ങിയത്. 72 ഗ്രാം കഞ്ചാവും 18,624 പാക്കറ്റ് പാന്‍ മസാലയുമാണ് 235 ചാക്കുകളിലാക്കി കൊണ്ടുവന്നത്. 30 കവര്‍വീതമാണ് ഒരു പാക്കറ്റില്‍ ഉണ്ടാകുക. പത്തുകോടിയോളം രൂപ ഇവ വില്‍ക്കുമ്പോള്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ലഹരിവസ്തുക്കള്‍ കടത്തിയ ലോറി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ബഷീറിനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

എം.സി.റോഡിലൂടെ നിരന്തരം ലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാട്ടര്‍ പ്യൂരിഫയറുകള്‍ക്കിടയില്‍ ചാക്കുകളിലും മറ്റുമായി ഒളിപ്പിച്ച് ലഹരിവസ്തുക്കള്‍ കടത്തിയ ലോറി റൂറല്‍ ഡാന്‍സാഫ് ടീം എസ്.ഐ. ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കടയ്ക്കല്‍ എസ്.എച്ച്.ഒ. രാജേഷ്, എസ്.ഐ. ജഹാംഗീര്‍, പോലീസ് ഉദ്യോഗസ്ഥരായ സജു, വിപിന്‍, നഹാസ്, നവാസ് എന്നിവരടങ്ങിയ സംഘം പരിശോധനകള്‍ക്ക് നേതൃത്വംനല്‍കി.