തിരുവനന്തപുരം: ലഹരിയുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാമത്ത് പോലീസ് നടത്തുന്ന പരിശോധന തുടരുന്നു. മൂന്നുദിവസത്തിനിടെ 1.79 കിലോഗ്രാം എംഡിഎംഎയും 79 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. 7034 പേരെ പരിശോധിച്ചതില്‍നിന്ന് 642 പേര്‍ അറസ്റ്റിലായി.

ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ടും ലഹരിവസ്തുക്കള്‍ കൈവശംവെച്ചതിനുമായി 624 കേസുകളും രജിസ്റ്റര്‍ചെയ്തു. ലഹരി ഉപയോഗിച്ചതിന് 110 പേരും പിടിയിലായിട്ടുണ്ട്. കര്‍ശനനടപടികള്‍ക്ക് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല പോലീസ് യോഗം തീരുമാനിച്ചിരുന്നു.

ഡി-ഹണ്ട് എന്നപേരില്‍ നടക്കുന്ന പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നാണ് എംഡിഎംഎ പിടികൂടിയത്. 431 കഞ്ചാവ് ബീഡികളും വിവിധയിടങ്ങളില്‍നിന്നായി പോലീസ് പിടിച്ചെടുത്തു.