തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് 11 ആണ് ഇവിടെ രേഖപ്പെടുത്തിയത്.

അള്‍ട്രാ വയലറ്റ് സൂചിക ആറുമുതല്‍ ഏഴുവരെയെങ്കില്‍ യെല്ലോ അലര്‍ട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലര്‍ട്ടും 11നു മുകളിലേക്കാണെങ്കില്‍ റെഡ് അലര്‍ട്ടുമാണ് നല്‍കുക.