- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒത്തുതീര്‍പ്പിന് നീക്കം; പോക്‌സോ പോലുള്ള ഗുരുതര കേസുകള്‍ ഒത്തുതീര്‍പ്പിന്റെ പേരില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
പോക്‌സോ പോലുള്ള ഗുരുതര കേസുകള്‍ ഒത്തുതീര്‍പ്പിന്റെ പേരില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: പോക്‌സോ പോലെ ഗൗരവമുള്ളവും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകള്‍ ഒത്തുതീര്‍പ്പിന്റെ പേരില്‍ റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പ്രതിയും ഇരയും തമ്മില്‍ വിഷയം ഒത്തുതീര്‍ന്നതുകൊണ്ടോ അതിജീവിത മുന്‍ നിലപാടില്‍നിന്ന് വ്യതിചലിച്ച് പ്രതിക്ക് അനുകുലമായി പത്രിക നല്‍കിയതുകൊണ്ടോ മാത്രം ഇത്തരം കേസുകള്‍ റദ്ദാക്കാനാവില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
പരിശോധനക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഡോ. പി.വി. നാരായണന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഈ നിരീക്ഷണം. 2016 ജൂലൈയില്‍ ഡോക്ടറുടെ വസതിയോട് ചേര്‍ന്ന ക്ലിനിക്കില്‍ ചികിത്സക്കെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നല്ലളം പൊലീസ് ഹര്‍ജിക്കാരനെതിരെ കേസെടുത്തത്.
താന്‍ മെഡിക്കല്‍ കോളജിലടക്കം ഉന്നതപദവി വഹിച്ചയാളാണെന്നും കുട്ടിക്കൊപ്പമുണ്ടായിരുന്ന അയല്‍വാസിയായ സ്ത്രീയുടേയും മകളുടെയും സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ പരിശോധിച്ചതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
കേസ് പിന്‍വലിക്കുന്നതിനെ അനുകൂലിച്ച് 2024ല്‍ പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കിയതും ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ കേസില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ പ്രഥമദൃഷ്ട്യാ ശക്തമാണെന്നും ഒത്തുതീര്‍പ്പായെന്ന പേരില്‍ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യം വ്യക്തിപരമായി കാണാനാവില്ലെന്നും സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നുമാണ് സുപ്രീംകോടതി നിരീക്ഷണം.