തളിപ്പറമ്പ്: പറമ്പ് കിളയ്ക്കുന്നതിനിടെ കിട്ടിയത് 150ലേറെ പാമ്പിന്‍ മുട്ടകള്‍. ഭീതിയിലായ വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് സ്‌നേക്ക് റസ്‌ക്യൂവര്‍ സംരക്ഷിച്ച് വച്ച മുട്ടകള്‍ വിരിഞ്ഞിറങ്ങിയത് നീര്‍ക്കോലി കുഞ്ഞുങ്ങള്‍. നീര്‍ക്കോലി കുഞ്ഞുങ്ങളെ വൈകാതെ തന്നെ അവയുടെ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കും.

ഫെബ്രുവരി 17നാണ് തളിപ്പറമ്പ് കുറുമാത്തൂര്‍ ചവനപ്പുഴയിലെ ജോണി എന്നയാളുടെ തോട്ടത്തില്‍ വലിയ രീതിയില്‍ പാമ്പിന്‍ മുട്ടകള്‍ കണ്ടെത്തിയത്. കൃഷിയാവശ്യത്തിനായി പറമ്പ് കിളയ്ക്കുന്നതിനിടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഇത്ര മുട്ടകള്‍ കണ്ടെത്തിയ സ്ഥിതിക്ക് പാമ്പ് പറമ്പിലുണ്ടാകുമെന്നും കിളയ്ക്കുന്നതിനിടെ ഏതാനും മുട്ടകള്‍ പൊട്ടുക കൂടി ചെയ്തതായിരുന്നു വീട്ടുകാരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചത്.

തളിപ്പറമ്പ് റേഞ്ചര്‍ പി.വി.അനൂപ് കൃഷ്ണന്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കീഴിലുള്ള മലബാര്‍ അവയര്‍നെസ് ആന്‍ഡ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംബരമെത്തി പരിശോധിച്ച് ഇവ നീര്‍ക്കോലിയുടെ മുട്ടകളാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ ഭയം വിട്ട് മാറിയിരുന്നില്ല.

ഇതോടെയാണ് മുട്ടകള്‍ അനില്‍കുമാര്‍ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് സംരക്ഷിച്ചത്. മുപ്പതോളം മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. നിരുപദ്രവകാരിയും വിഷമില്ലാത്തവയുമാണെങ്കിലും നീര്‍ക്കോലികള്‍ ഇപ്പോള്‍ അപൂര്‍വമായിക്കൊണ്ടിരിക്കുകയാണെന്നാണ് അനില്‍കുമാര്‍ പ്രതികരിക്കുന്നത്. നീര്‍ക്കോലി കുഞ്ഞുങ്ങളെ വൈകാതെ തന്നെ ഇവയുടെ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുമെന്നും അനില്‍കുമാര്‍ വിശദമാക്കുന്നത്.