കോഴിക്കോട്: കോഴിക്കോട് വ്യാജ സിഗരറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി തച്ചംകണ്ടിയില്‍ റാഷിദ്, കോട്ടയം സ്വദേശി ഇല്ലത്തുപറമ്പില്‍ റോബി എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രമുഖ സിഗരറ്റ് കമ്പനിയുടെ പേരില്‍ വ്യാജ സിഗരറ്റുകള്‍ നിര്‍മിച്ച് ആളുകള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏഴു പെട്ടി വ്യാജ സിഗരറ്റുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. വ്യാജ സിഗരറ്റുകള്‍ വില്‍ക്കാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.