കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രകടനം നടത്തുന്നതിനുള്ള അപേക്ഷ നിരസിച്ചു. രാത്രി ഏഴ് മുതല്‍ ഒമ്പത് വരെ വെടിക്കെട്ട് നടത്തുന്നതിനാണ് ക്ഷേത്ര ഉപദേശ സമിതിക്ക് വേണ്ടി സെക്രട്ടറി അനില്‍കുമാര്‍ അപേക്ഷ സമര്‍പ്പിച്ചത്. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട്, വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഈ സ്ഥലത്ത് പെസോ അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ മാഗസിന്‍ സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.

കൂടാതെ പ്രസ്തുത സ്ഥലത്തിന്റെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ്, റിസ്‌ക്ക് അസസ്മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍, അനുബന്ധ സര്‍ട്ടിഫിക്കറ്റ്, സ്ഫോടക വസ്തുകളുടെ വിശദവിവരം എന്നിവ ഹാജരാക്കാത്തതും കൃത്യവും ആസൂത്രിതവുമായ മുന്നൊരുക്കങ്ങളും സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ നടത്തുന്ന വെടിക്കെട്ട് പ്രദര്‍ശനവും ജില്ലയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടാക്കിയ അപകടങ്ങളുടെ തീവ്രത കണക്കിലെടുത്തും ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് തീരുമാനം.

കൊല്ലം പൂരം നടക്കുന്ന ആശ്രാമം മൈതാനം നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഫ്ളാറ്റുകളും മറ്റുമുള്ള ജനവാസ മേഖലയാണ്. പതിനായിരകണക്കിന് ആളുകള്‍ പൂരം കാണാനും അനുബന്ധ കച്ചവടങ്ങള്‍ക്കുമായി തിങ്ങിനിറയുന്ന അവസ്ഥയുണ്ടാകും. കൂടാതെ 30ല്‍ പരം ആനകള്‍ അണിനിരക്കുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും, ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് വാഹനങ്ങള്‍ മാറ്റുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കും. മൈതാനത്തിന് നാലു വശത്തുകൂടി ഇലക്ട്രിസിറ്റി ലൈനുകള്‍ കടന്നുപോകുന്നതിന് പുറമേ ട്രാന്‍സ്ഫോമറുകളും സ്ഥിതി ചെയ്യുന്നുണ്ട്. ആശ്രാമം മൈതാനം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായതിനാല്‍ ഇവിടെ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള മാഗസീന്‍ സ്ഥാപിക്കാന്‍ സാധിക്കില്ല. മൈതാനത്തിന് സമീപത്തായി 500 മീറ്റര്‍ ചുറ്റളവില്‍ ആയുര്‍വ്വേദ ആശുപത്രി ഉള്‍പ്പെടെ സ്വകാര്യ-സര്‍ക്കാര്‍ മേഖലയിലും നിരവധി ആശുപത്രികള്‍ സ്ഥിതിചെയ്യുന്നതിനാല്‍ വെടിക്കെട്ട് നടത്തുന്നത്മൂലം കിടപ്പ് രോഗികള്‍ക്ക് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കും.

1990 ലെ മലനട വെടിക്കെട്ട് അപകടം, 2016 ലെ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ അപകടങ്ങളില്‍ ഒട്ടേറെപേര്‍ മരണപ്പെട്ടതാണ്. സമാനമായ അപകടം ഒഴിവാക്കുന്നതിന് ഒരു വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളിച്ച് സുരക്ഷിതമായി വെടിക്കെട്ട് ഈ പ്രദേശത്ത് നടത്തുന്നത് അപ്രായോഗികമാണെന്ന സാഹചര്യം കണക്കിലെടുത്താണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മ്മല്‍കുമാര്‍ അനുമതി നിഷേധിച്ചു ഉത്തരവിട്ടു.