കോട്ടയം: മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാര്‍ കാവും കടവ് പാലത്തിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പത്താം ക്ലാസുകാരനെ കഞ്ചാവുമായി പിടികൂടിയ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയാണ് ചെടി കണ്ടെത്തിയത്. ഇതെങ്ങനെ ഇവിടെയെത്തിയെന്നതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി.

എക്‌സൈസ് സംഘം ചെടി കസ്റ്റഡിയിലെടുത്തു. നാട്ടുകാരനായ ഒരാളാണ് കഞ്ചാവ് ചെടി എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ എക്‌സൈസ് അന്വേഷണം തുടങ്ങി. പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ഇന്നലെയാണ് എക്‌സൈസ് പിടികൂടിയത്. രാത്രിയില്‍ പനച്ചിക്കപ്പാറയില്‍ വെച്ചാണ് എക്‌സൈസ് സംഘം 6ഗ്രാം കഞ്ചാവുമായി കുട്ടിയെ പിടികൂടിയത്.

കുന്നോനിയില്‍ മറ്റൊരു കേസിന്റെ അന്വേഷണം കഴിഞ്ഞ് മടങ്ങി വന്ന എക്‌സൈസ് സംഘം വഴിയില്‍ സംശയാസ്പദമായി വിദ്യാര്‍ത്ഥിയെ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധിക്കാന്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ വിദ്യാര്‍ത്ഥി തള്ളി താഴെയിട്ടു. മുമ്പും വിദ്യാര്‍ത്ഥി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. വിദ്യാര്‍ത്ഥിക്ക് എവിടെ നിന്നാണ് കഞ്ചാവ് കിട്ടിയത് എന്നത് കേന്ദ്രീകരിച്ച് എക്‌സൈസും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് 100 മീറ്റര്‍ അകലെ കഞ്ചാവ് ചെടി കണ്ടെത്തിയത്.