കല്‍പ്പറ്റ: വേനല്‍ ചൂടിന് ആശ്വാസമായി എത്തിയ മഴയില്‍ വയനാട്ടില്‍ കനത്ത നാശനഷ്ടം. വടക്കേ വയനാട്ടിലാണ് കനത്ത മഴ പെയ്തത്. പയ്യമ്പള്ളി കുറുക്കന്‍മൂലയില്‍ റോഡിന് കുറുകെ മരം വീണതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. കുറുക്കന്‍മൂല പടമല റോഡിന് കുറുകെ ഇലക്ട്രിക് ലൈനിന് മുകളില്‍ തെങ്ങ് വീണു.

മക്കിയാട് വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം ഉണ്ടായി. പ്ലാവില വീട്ടില്‍ ആമിനയുടെ വീടിന് മുകളിലാണ് മരം വീണത്. തലപ്പുഴയിലും വീടിനു മുകളില്‍ മരം വീണ് നാശനഷ്ടം ഉണ്ടായി. ചുണ്ടങ്ങാക്കുഴി സലീമിന്റെ വീടാണ് മരം വീണതിനെ തുടര്‍ന്ന് തകര്‍ന്നത്. മാനന്തവാടി അഗ്‌നിരക്ഷാസേന എത്തി വീടിന് മുകളിലും റോഡുകളിലും വീണ മരങ്ങള്‍ മുറിച്ചു മാറ്റി.

ചെറിയ മരങ്ങള്‍ അടക്കം വീണതിനെ തുടര്‍ന്ന് ഗ്രാമീണ റോഡുകളില്‍ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പലയിടങ്ങളിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡിന്റെ ഒരു വശം പൊളിച്ചിരുന്നത് മഴ പെയ്തതിനെ തുടര്‍ന്ന് ചെളിക്കുളമായി. ചില റോഡുകളില്‍ കല്ലുകളടക്കം ഒഴുകി പോയിട്ടുമുണ്ട്. വരും ദിവസങ്ങളിലും വേനല്‍ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പ്.