കോഴിക്കോട്: താമരശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെയും ബന്ധുവായ യുവാവിനെയും ബംഗളുരുവില്‍ കണ്ടെത്തി. കര്‍ണാടക പോലീസാണ് ഇരുവരെയും കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശേരി പോലീസ് ബംഗളുരുവിലേക്ക് പുറപ്പെട്ടു. പോക്‌സോ കേസിലെ ഇരയായ പതിമൂന്നുകാരിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതായി കുടുംബം ആരോപിച്ചു. യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 11ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. മലപ്പുറത്തുള്ള വീട്ടില്‍നിന്നും പുതുപ്പാടി ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതാണ്. കുട്ടി തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയിരുന്നു. തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് റൂം നല്‍കിയിരുന്നില്ല. പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പോലീസിന് കൈമാറുകയായിരുന്നു.