- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുവിദ്യാഭ്യാസ മേഖല; കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളത് 794 കോടി രൂപ
പൊതുവിദ്യാഭ്യാസ മേഖല; കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളത് 794 കോടി രൂപ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിക്കാനുള്ളത് 794 കോടി രൂപ. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതമായി കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷം കേന്ദ്രം കേരളത്തിനു നല്‍കാനുള്ള കുടിശികയാണിതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷത്തേക്ക് 654.54 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം അംഗീകരിച്ചെങ്കിലും മുന്‍വര്‍ഷങ്ങളിലെ വിഹിതം എന്നു കിട്ടുമെന്ന അനിശ്ചിതത്വത്തിലാണു സംസ്ഥാനം. ഇതുമൂലം സമഗ്രശിക്ഷ കേരളം (എസ്എസ്‌കെ) വഴിയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പു പ്രതിസന്ധിയിലായി. 2023-24 ലെ കേന്ദ്രവിഹിതത്തില്‍ 280.58 കോടി രൂപയും ഈ അധ്യയന വര്‍ഷം 513.54 കോടി രൂപയും കുടിശികയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള വിഹിതം കൂടിയാകുമ്പോള്‍ സംസ്ഥാനത്തിന് ആകെ കിട്ടാനുള്ളത് 1186.84 കോടി രൂപയാണ്. കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളില്‍ 60% കേന്ദ്രത്തിന്റെയും 40% സംസ്ഥാനത്തിന്റെയും വിഹിതമാണ്.ഒളിംപിക്‌സ് മാതൃകയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേരള സ്‌കൂള്‍ കായികമേളയില്‍ ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തിയതു കേന്ദ്രം വലിയ മാതൃകയായി പ്രശംസിക്കുമ്പോള്‍ തന്നെ ആ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്തുണയ്ക്കുള്ള ഫണ്ട് പോലും തടഞ്ഞുവയ്ക്കുകയാണെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാറ്റിവച്ച് കേരളത്തിന് അര്‍ഹമായ ഫണ്ട് ഉടന്‍ അനുവദിക്കാന്‍ കേന്ദ്രം തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.