കുറുപ്പംപടി: പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. അയ്യമ്പുഴ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. മൂന്നു കൊല്ലം മുന്‍പ് കുട്ടികളുടെ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് ടാക്‌സി ഡ്രൈവറായ യുവാവ് പെണ്‍കുട്ടികളുടെ അമ്മയുമായി അടുപ്പത്തിലാകുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കുറുപ്പംപടിക്കു സമീപം അമ്മയും പെണ്‍കുട്ടികളും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ ഇയാള്‍ എത്തുമായിരുന്നു.

ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ക്ലാസില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിക്കണമെന്ന് ഇയാള്‍ മൂത്ത കുട്ടിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഫോണിലെ വാട്സാപ്പില്‍ കൂട്ടുകാരിയുടെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇയാള്‍ നിരന്തരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ക്ലാസിലെ കൂട്ടുകാരിക്ക് ആറാം ക്ലാസുകാരിയായ പെണ്‍കുട്ടി കുറിപ്പ് എഴുതി നല്‍കി. ഇത് കണ്ടെത്തിയ ക്ലാസിലെ കുട്ടികളാണ് അധ്യാപികയെ അറിയിച്ചത്. വിവരം അധ്യാപിക പോലീസില്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ പോലീസ് മൂത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അമ്മയെ ആദ്യം സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവരുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. പെണ്‍മക്കളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് എ.എസ്.പി. ശക്തിസിങ് ആര്യ പറഞ്ഞു. പ്രതിയുടെ അയ്യമ്പുഴയിലെ വിലാസമാണ് അമ്മ വാടകവീട്ടില്‍ നല്‍കിയിരുന്നത്. ഇയാളുടെ ഭാര്യയും കുടുംബവുമാണെന്നാണ് നാട്ടില്‍ പറഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.