കൊച്ചി: എറണാകുളം എആര്‍ ക്യാംപില്‍ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന് അബദ്ധം പറ്റിയതാണെങ്കിലും ഇതു ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുള്ളതായാണു സൂചന. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വൈകാതെ നടപടിയെടുക്കുമെന്നു കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എറണാകുളം എആര്‍ ക്യാമ്പിനെ നടുക്കിയ സംഭവം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരച്ചടങ്ങുകളിലും മറ്റും ആകാശത്തേക്കു വെടിവയ്ക്കാന്‍ റൈഫിളുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് പൊട്ടിത്തെറിച്ചത്. സംസ്‌ക്കാര ചടങ്ങിന് പോകുന്നതിന് മുന്നോടിയായി മെസില്‍ ചട്ടിയിലിട്ടു ചൂടാക്കുന്നതിനിടെ വെടിയുണ്ടകള്‍ പൊട്ടിത്തെറിക്കുക ആയിരുന്നു. എആര്‍ ക്യാംപ് കമാന്‍ഡന്റാണ് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥര്‍ക്കു സംഭവത്തെപ്പറ്റി വിശദീകരണവും നല്‍കിയിട്ടുണ്ട്.

0.303 കാലിബര്‍ ബ്ലാങ്ക് അമ്യൂണിഷന്‍ 18 എണ്ണമാണു ചൂടാക്കാനെടുത്തതെന്നാണു വിശദീകരണത്തിലുള്ളത്. മരണപ്പെട്ട സേനാംഗത്തിന്റെ സംസ്‌കാരച്ചടങ്ങിന് ആദരമര്‍പ്പിക്കാന്‍ ഉപയോഗിക്കാനായി തോക്കുകളും വെടിയുണ്ടയും 10ന് രാവിലെ 8.15നാണു പുറത്തെടുത്തത്. വെടി വയ്ക്കുമ്പോള്‍ ബ്ലാങ്ക് അമ്യൂണിഷന്‍ കൃത്യമായി പൊട്ടും എന്നുറപ്പാക്കാനാണു പാത്രത്തിലിട്ടു വെയിലത്തു വച്ചു ചൂടാക്കാന്‍ നോക്കിയത്.

എന്നാല്‍, പാത്രത്തില്‍ ഈര്‍പ്പമുണ്ടായിരുന്നു. ഈര്‍പ്പം കളയാനായി അടുപ്പില്‍ വച്ചു ചൂടാക്കിയ പാത്രത്തിലേക്കു വെടിയുണ്ടകള്‍ ഇട്ടപ്പോള്‍ ഇവയില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചു എന്നാണു വിശദീകരണം.3 മാസം മുന്‍പ് ഒരു സംസ്‌കാരച്ചടങ്ങില്‍ വെടി പൊട്ടാതിരുന്നതിനെ തുടര്‍ന്നു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തരത്തില്‍ നടപടി നേരിടേണ്ടി വന്നേക്കാമെന്ന ആശങ്ക മൂലമാണു സമയക്കുറവുള്ളതിനാല്‍ വെടിയുണ്ട പെട്ടെന്നു ചൂടാക്കാനായി പാത്രത്തിലിട്ട് അടുപ്പില്‍ വച്ചതെന്നാണു വിവരം.