മലപ്പുറം: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസ് പരീക്ഷയ്ക്ക് നിരീക്ഷകനായിവന്ന അധ്യാപകന്‍ അരമണിക്കൂറോളം പിടിച്ചുവെച്ചതായി പരാതി. ഇതോടെ അറിയുന്ന ഉത്തരവും എഴുതാന്‍കഴിയാതെ വിദ്യാര്‍ഥിനി വിങ്ങിപ്പൊട്ടി വീട്ടിലെത്തി. തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കെഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാനാവാതെ വന്നത്. തൊട്ടടുത്തിരുന്ന വിദ്യാര്‍ഥി ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് പ്രതികരിച്ചതിനാണ് അധ്യാപകന്‍ ഉത്തര കടലാസ് പിടിച്ചു വെച്ചത്.

വെള്ളിയാഴ്ച നടന്ന പ്ലസ് ടു സാമ്പത്തികശാസ്ത്രം പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ തീരാന്‍ അരമണിക്കൂറോളം സമയം ബാക്കിയുണ്ടായിരുന്നപ്പോഴാണ് തൊട്ടടുത്തിരുന്ന വിദ്യാര്‍ഥി സംശയം ചോദിച്ചത്. ഇതിനെതിരേ വിദ്യാര്‍ഥിനി പ്രതികരിച്ചത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുകയും ഉത്തരമെഴുതുന്ന പേപ്പര്‍ പിടിച്ചുവാങ്ങുകയുമായിരുന്നു. അരമണിക്കൂറോളം സമയം ഉണ്ടായിരുന്നിട്ടും അധ്യാപകന്‍ ഉത്തര കടലാസ് തിരികെ നല്‍കാന്‍ തയ്യാറായില്ല.

മാത്രമല്ല ഇക്കാര്യം അധ്യാപകന്‍ വിദ്യാലയത്തിലെ പരീക്ഷാചുമതലയുള്ള ആരെയും അറിയിച്ചില്ല. വിദ്യാര്‍ഥിനിയും അറിയിച്ചില്ല. കരഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനിയോട് വിവരം തിരക്കിയ രക്ഷിതാക്കളാണ് ഇക്കാര്യം പുറത്തറിയിച്ചത്. അതോടെയാണ് സ്‌കൂള്‍ അധികൃതരും പരീക്ഷാനടത്തിപ്പുകാരും വിവരമറിയുന്നത്.

പേപ്പര്‍ പിടിച്ചുവെച്ചതിനാല്‍ വളരെ എളുപ്പമായിരുന്ന പരീക്ഷയില്‍ പല ഉത്തരങ്ങളും എഴുതാനായില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. മകള്‍ നന്നായി പഠിക്കുന്ന കുട്ടിയാണെന്നും എല്ലാ പരീക്ഷകളിലും എ പ്ലസ് നേടിയ അവള്‍ക്ക് ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതേണ്ട ആവശ്യമില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നീതി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഡെപ്യൂട്ടി ചീഫുമാര്‍ അരമണിക്കൂര്‍ ഇടവിട്ട് പരീക്ഷാഹാള്‍ സന്ദര്‍ശിക്കാറുണ്ട്. സംഭവം നടന്ന ഹാള്‍ നാലുമണിക്ക് ഡെപ്യൂട്ടി ചീഫ് സന്ദര്‍ശിച്ചതാണ്. അപ്പോള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പേപ്പര്‍ പിടിച്ചുവെച്ചുവെന്നത് ശരിയാണെന്നും എത്രസമയമെന്നത് തിട്ടപ്പെടുത്താനായിട്ടില്ലെന്നും സ്‌കൂളിലെ ചീഫ് എക്സാമിനര്‍ പറഞ്ഞു. ഇക്കാര്യം കുട്ടിയോ അധ്യാപകനോ അറിയിച്ചിട്ടില്ല. കുട്ടി പരീക്ഷകഴിഞ്ഞ ഉടനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ കൂടുതല്‍ സമയം അനുവദിച്ചേനെ. അധ്യാപകന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തത് വീഴ്ചയാണെന്നും ചീഫ് എക്സാമിനര്‍ പറഞ്ഞു.