ചന്തേര: ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തു. ചന്തേര പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡിലായ വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെതിരെയാണ് പോക്‌സോ നിയമപ്രകാരവും കേസെടുത്തത്. അമ്മയുടെ നഗ്‌നവീഡിയോ അയച്ചെന്ന മകന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് ചന്തേര പോലീസ് പിടികൂടിയത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ടില്‍) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. ചന്തേര പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി. ഇതിനിടയിലാണ് അമ്മയുടെ നഗ്‌നവീഡിയോ അയച്ചെന്ന മകന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. രണ്ടാമത്തെ കേസില്‍ വീണ്ടും അറസ്റ്റുണ്ടാകുമെന്ന് ചന്തേര എസ്എച്ച്ഒ കെ.പ്രശാന്ത് പറഞ്ഞു.