- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അനുജനും പെരിയാറില്‍ മുങ്ങി മരിച്ചു; ശ്രീ ദുര്‍ഗ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് ഉറ്റവരുടെ മരണം അറിയാതെ
ശ്രീ ദുര്‍ഗ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് ഉറ്റവരുടെ മരണം അറിയാതെ
മലയാറ്റൂര്‍: അച്ഛനും സഹോദരനും പെരിയാറില്‍ മുങ്ങി മരിച്ചതറിയാതെ ശ്രീദുര്‍ഗ എസ്എസ്എല്‍സി പരീക്ഷ എഴുതി പൂര്‍ത്തിയാക്കി. ഞായറാഴ്ച വൈകീട്ട് 4.45 ഓടെ മലയാറ്റൂരിലാണ് സംഭവം. മധുരിമ കവലയ്ക്കു സമീപം പെരിയാറിലെ വൈശംകുടി കടവിലാണ് മലയാറ്റൂര്‍ നെടുവേലി വീട്ടില്‍ ഗംഗയും മകന്‍ അഞ്ച് വയസ്സുകാരനായ ധാര്‍മികും മുങ്ങി മരിച്ചത്.
ഗംഗയുടെ മകളായ ശ്രീദുര്‍ഗ ഈ വിവരം ഒന്നും അറിയാതെ തിങ്കളാഴ്ചത്തേക്കുള്ള എസ്എസ്എല്‍സി പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു. സംഭവം നടക്കുമ്പോള്‍ ശ്രീദുര്‍ഗ വീട്ടിലുണ്ട്. എന്നാല്‍ മരണ വിവരം ശ്രീദുര്‍ഗയെ ആരും അറിയിച്ചില്ല. സ്‌കൂള്‍ അധികൃതര്‍ ഗംഗയുടെ ബന്ധുക്കളുമായി സംസാരിച്ച് കുട്ടിയെ മരണവിവരം അറിയിക്കാതെ പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചു. അച്ഛനും അനിയനും അപകടം സംഭവിച്ച വിവരം അറിഞ്ഞെങ്കിലും ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് ശ്രീദുര്‍ഗയോട് വീട്ടുകാരും നാട്ടുകാരും പറഞ്ഞത്.
മരണ വിവരം അറിയാതിരിക്കാന്‍ ശ്രീദുര്‍ഗയെ ഏറെ ദൂരത്തല്ലാതെ താമസിക്കുന്ന അച്ഛന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. പഠനത്തിനിടയിലും രാത്രി മുഴുവന്‍ അച്ഛന്റെയും അനിയന്റെയും വിവരം തിരക്കിക്കൊണ്ടിരുന്ന ശ്രീദുര്‍ഗയെ അത്യാഹിത വിഭാഗത്തിലായതിനാല്‍ കാണാനാകില്ലെന്നു പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ചെയ്തത്. രാവിലെ വീടിനു മുന്നിലൂടെയല്ലാത്ത വഴിയിലൂടെ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചു.
പരീക്ഷ എഴുതി കഴിഞ്ഞ ശേഷം അധ്യാപകരാണ് മരണ വിവരം കുട്ടിയോട് പറയുന്നത്. മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ഒന്നോടെ വീട്ടിലെത്തിച്ചു. മൂന്നരയോടെ ശ്രീദുര്‍ഗയെ അധ്യാപകര്‍ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രിയപ്പെട്ട അനുജന്റെയും അച്ഛന്റെയും ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നുപോയ ശ്രീദുര്‍ഗയെ അധ്യാപകരും സഹപാഠികളും താങ്ങിനിര്‍ത്തി. കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.