- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാര്‍ക്കില്‍ മയക്കുമരുന്ന് രഹിത കാമ്പെയ്ന്: സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ എംഎല്‍എമാരും
തിരുവനന്തപുരം: സമൂഹത്തിലെ വ്യാപക മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ടെക്കികളും കേരളത്തിലെ നിയമസഭാംഗങ്ങളും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് ടെക്‌നോപാര്‍ക്ക് വേദിയായി. ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരവും വനിതാ ക്രിക്കറ്റ് ലീഗും നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
മയക്കുമരുന്ന് ദുരുപയോഗം സമൂഹം നേരിടുന്ന വലിയ വിപത്താണെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിന്റെയും പ്രതിധ്വനിയുടെയും ഇതുപോലുള്ള സംരംഭങ്ങള്‍ മയക്കുമരുന്നിനെതിരെ അവബോധം വളര്‍ത്തുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. കായിക വിനോദങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുന്നതിലൂടെ ടെക്കികളുടെ പ്രൊഫഷണല്‍ ജീവിതത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനാകും. ജോലി സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച മാര്‍ഗമാണ് ഇതുപോലുള്ള ടൂര്‍ണമെന്റുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ കമ്പനികളില്‍ നിന്നുള്ള ടെക്കികള്‍ അടങ്ങുന്ന വിനീത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രതിധ്വനി ഇലവനും കെ. വി സുമേഷിന്റെ നേതൃത്വത്തില്‍ നിയമസഭാംഗങ്ങള്‍ അടങ്ങിയ സ്പീക്കേഴ്‌സ് ഇലവനും തമ്മില്‍ നടന്ന മത്സരത്തില്‍ പ്രതിധ്വനി ഇലവന്‍ 6 വിക്കറ്റിന് ജയിച്ചു. എട്ട് പന്തില്‍ 17 റണ്‍സും രണ്ട് വിക്കറ്റും നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മന്‍, ലിന്റോ ജോസഫ്, കെ. പ്രേംകുമാര്‍, കെ. വി സുമേഷ്, പി. പി സുമോദ്, എം. വിജിന്‍, എച്ച്. സലാം, എ. രാജ, അരുണ്‍ കുമാര്‍ എന്നിവര്‍ സ്പീക്കേഴ്‌സ് ഇലവന്‍ ടീമിന്റെ ഭാഗമായി. മത്സരത്തിനുശേഷം മയക്കുമരുന്ന് രഹിത സമൂഹത്തിനായി ടെക്കികള്‍ പ്രതിജ്ഞയെടുത്തു.
ഉദ്ഘാടന ദിവസം പ്രതിധ്വനി വനിതാ ഇലവനും ഇന്‍ഫോസിസ് വനിതാ ടീമും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഫോസിസിനെ 19 റണ്‍സിന് പ്രതിധ്വനി വനിതാ ഇലവന്‍ പരാജയപ്പെടുത്തി. 13 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ പ്രതിധ്വനി വനിതാ ഇലവന്റെ ആര്യ സാരംഗ് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിധ്വനി ഇലവനും മീഡിയ ഇലവനും തമ്മിലുള്ള മറ്റൊരു സൗഹൃദ മത്സരത്തിലും പ്രതിധ്വനി ഇലവന്‍ വിജയിച്ചു. മെയ് ആദ്യവാരം അവസാനിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗില്‍ ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള 25 ടീമുകള്‍ പങ്കെടുക്കും.