മലപ്പുറം : പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് തടഞ്ഞു വെച്ച നിരീക്ഷകനെതിരെ അച്ചടക്ക നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്. പരീക്ഷ എഴുതുന്നതിനിടെ തിരിഞ്ഞു നോക്കി എന്ന കാരണം പറഞ്ഞ് അധ്യാപകന്‍ അര മണിക്കൂറോളം ഉത്തരക്കടലാസ് പിടിച്ചു വെച്ചതായാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച സാമ്പത്തിക ശാസ്ത്രം പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷ തീരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഉത്തരക്കടലാസ് അധ്യാപകന്‍ തിരികെ നല്‍കിയത്. ഈ അധ്യാപകനെയാണ് സസ്‌പെന്റ് ചെയ്തത്.

സമ്മര്‍ദ്ദത്തിലായ വിദ്യാഥിക്ക് പിന്നീട് ഒന്നും എഴുതാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ വിദ്യാഥി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഇതേ സ്‌കൂളില്‍ നിന്നും എസ്എസ്എല്‍ സി പരീക്ഷക്ക് ഫുള്‍ എ പ്ലസ് ഗ്രേഡ്, ഈ കുട്ടി കരസ്ഥമാക്കിയിട്ടുണ്ട്. പരീക്ഷ നടക്കുമ്പോള്‍ സംഭവിച്ച വീഴ്ച നിരീക്ഷകനോ വിദ്യാര്‍ഥിയോ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നില്ല.

പത്ത്, പ്ലസ് വണ്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്കാണ് പ്ലസ് ടൂ പരീക്ഷയില്‍ ഇത്തരത്തിലൊരു ബുദ്ധിമുട്ട് നേരിട്ടതെന്നും വീണ്ടും പരീക്ഷ എഴുതാന്‍ സംവിധാനമൊരുക്കണമെന്നും കാണിച്ചാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മലപ്പുറം ആര്‍ഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാജഹാനാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.