തിരുവനന്തപുരം: എസ്പി സുജിത് ദാസിന് പുതിയ നിയമനം. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ എസ്പിയായാണ് അദ്ദേഹത്തെ നിയമിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലായ സുജിത് ദാസിനെ നേരത്തെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു. സസ്‌പെന്‍ഷന്‍ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.

മലപ്പുറം എസ്പി ക്വാര്‍ട്ടേര്‍സിലെ മരംമുറി പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് പിവി അന്‍വറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോഴാണ് എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. പിന്നാലെ അന്‍വര്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ടു. പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. ഐ ജി ശ്യാം സുന്ദര്‍ വകുപ്പതല അന്വേഷണം നടത്തി. സസ്‌പെന്‍ഷന്‍ കാലാവധി ആറു മാസം കഴിഞ്ഞതിനാല്‍ ഇനി നീട്ടേണ്ടതില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. ഇതോടെയാണ് തിരിച്ചെടുത്തത്.