ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) മുന്‍ മേധാവി സഞ്ജയ് കുമാര്‍ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ (ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ ടു ദി പ്രൈം മിനിസ്റ്റര്‍ - ഇ.എ.സി .പി.എം.) സെക്രട്ടറി തലത്തിലാണ് നിയമനം.

പ്രധാനമന്ത്രിയെ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശിക്കുന്ന സമിതിയാണ് ഇ.എ.സി. പി.എം. കൗണ്‍സിലിന്റെ മുന്‍-ചെയര്‍മാന്‍ ബിബേക് ഡെബ്റോയിയുടെ മരണത്തിന് പിന്നാലെയാണ് സഞ്ജയ് കുമാര്‍ മിശ്ര തല്‍സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നത്. 2024 നവംബര്‍ ഒന്നിനാണ് ഡെബ്റോയ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984-ലെ ഇന്ത്യന്‍ റെവന്യു സര്‍വീസ് ബാച്ചിലെ (ഐ.ആര്‍.എസ്.) ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര.

2018-ല്‍ ഇ.ഡി. മേധാവിയായി നിയമിതനായ ശേഷം പലവട്ടം കേന്ദ്രസര്‍ക്കാര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ സര്‍വീസ് കാലാവധി നീട്ടിനല്‍കി. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.