തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസം ക്ലീന്‍ കേരള കമ്പനി കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും വര്‍ക്ക് ഷോപ്പുകളില്‍ നിന്നും 42,190 കിലോഗ്രാം നിഷ്‌ക്രിയ അജൈവ മാലിന്യം നീക്കം ചെയ്തു. ഇതില്‍ 4,560 കിലോഗ്രാം ഇ- വേസ്റ്റ് ആണ്.

വിവിധ ഡിപ്പോകളിലും വര്‍ക്ക്‌ഷോപ്പുകളിലും വര്‍ഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇന്ധന ഉപയോഗത്തിനായി രാജ്യത്തിന്റെ വിവിധ സിമന്റ് ഫാക്ടറികളില്‍ എത്തിക്കുന്നു. ഇതിനുവേണ്ടി വിവിധ സിമന്റ് ഫാക്ടറികളുമായി ധാരണയുണ്ടാക്കിയാണ് ക്ലീന്‍ കേരള കമ്പനി പ്രവര്‍ത്തിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയിലെ അജൈവ മാലിന്യം നീക്കം ചെയ്യുന്നതു വഴി കെ.എസ്.ആര്‍.ടി.സിയുടെ അധീനതയിലുള്ള സ്ഥലങ്ങള്‍ മറ്റ് നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. മാലിന്യമുക്തം നവകേരളം പ്രഖ്യാപനം നടക്കുന്ന മാര്‍ച്ച് 30ന് മുമ്പ് തന്നെ പരമാവധി മാലിന്യം നീക്കി കെ.എസ്.ആര്‍.ടി.സിയെ ഹരിത പദവിയിലേക്ക് ഉയര്‍ത്താനാകും.