തൃശൂര്‍: കല്ലൂരില്‍ യുവാവിനെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലൂര്‍ മാവിന്‍ചുവട് സ്വദേശി മടത്തിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ലാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തലക്കും കൈക്കും കാലിലും അടിയേറ്റ പ്ലാവിന്‍കുന്ന് സ്വദേശി കുറുവത്ത് വീട്ടില്‍ ജിത്തു ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി കല്ലൂര്‍ മാവിന്‍ചുവടിലായിരുന്നു സംഭവം. മൂന്നുമാസം മുമ്പ് ജിതിന്‍ലാലില്‍ നിന്ന് ജിത്തു 10,000 രൂപ പലിശക്ക് കടംവാങ്ങിയിരുന്നു. കടം വാങ്ങിയ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനിടെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് പ്രതി യുവാവിനെ ആക്രമിച്ചത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.