പന്തളം: ആശാ പ്രവര്‍ത്തകരെ അനുകൂലിച്ച് സ്വന്തം സാമൂഹിക മാധ്യമ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത വനിത വ്ളോഗറെ അധിക്ഷേപിച്ചയാളെ പോലീസ് പിടികൂടി. തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി അരുവായ് തയ്യില്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ ജനു (61) വാണ് പിടിയിലായത്. സാമൂഹിക മാധ്യമങ്ങളില്‍ റീല്‍സും മറ്റും ചെയ്യാറുള്ള തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി, പത്തനംതിട്ട ജില്ലയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്.

ഇവര്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് അനുകൂലമായി നിരന്തരം പോസ്റ്റുകള്‍ ഇട്ടിരുന്നു. കമന്റ് ബോക്സിലാണ് ഇയാള്‍ വളരെ മോശം അഭിപ്രായങ്ങള്‍ കുറിച്ചത്. യുവതിയെ അസഭ്യം വിളിക്കുകയും അധിക്ഷേപിക്കുകയും ഇവര്‍ക്കും മാതാവിനും എതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തതിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ബി എന്‍ എസ്സിലെ നിര്‍ദിഷ്ട വകുപ്പുകളും, കേരള പോലീസ് ആക്ടിലെ 120(ഓ) വകുപ്പും ചേര്‍ത്ത് കേസെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.