തിരുവനന്തപുരം: വിജ്ഞാന വ്യവസായത്തില്‍ കേരളത്തെ രാജ്യത്തിന്റെ ടാലന്റ് തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണിശേഷി ഉച്ചകോടികളിലൊന്നായ 'പെര്‍മ്യൂട്ട് 2025' സംഘടിപ്പിക്കുന്നു. ശനിയാഴ്ച (മാര്‍ച്ച് 29) രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടാഗോര്‍ തിയേറ്ററില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ലേണിംഗ് പ്ലാറ്റ് ഫോമായ മ്യുലേണിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. പുതു തലമുറ ജോലികള്‍ക്കായി യുവജനങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക ഘടകമാകാന്‍ മ്യുലേണിന്റെ പുതിയ പതിപ്പിന് സാധിക്കും.

ഭാവിയിലേക്കുള്ള ടാലന്റ് ബാങ്ക് സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ അക്കാദമിക, വ്യാവസായിക, നൈപുണിശേഷി ഏജന്‍സികള്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ മ്യുലേണ്‍ ഒരുമിച്ച് കൊണ്ടുവരും. സമാപന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പങ്കെടുക്കും. 'യൂത്ത് ഫസ്റ്റ്; ക്ലോസിംഗ് വിഷന്‍ സ്റ്റേറ്റ്‌മെന്റ് ' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. ജോലിയുടെ സ്വഭാവവും ടാലന്റ് ആവശ്യകതകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകളുടെ ആഴത്തിലുള്ള സ്വാധീനത്താല്‍ വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ജിടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു. യുവജനങ്ങള്‍ക്ക് കരിയര്‍ മെച്ചപ്പെടുത്താന്‍ മാത്രമല്ല തൊഴില്‍ നിലനിര്‍ത്താനും നൈപുണിശേഷി വികസനം ഇനി അത്യാവശ്യമാണ്. നൈപുണിശേഷി വികസനത്തിന്റെ സഹകരണ മാതൃക പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ പങ്കാളികളെയും ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ മ്യുലേണ്‍ ഈ അടിയന്തിര ആവശ്യം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 80% ത്തിലധികം പ്രൊഫഷണലുകളെ ജോലിക്കെടുക്കുന്ന 250-ലധികം കമ്പനികള്‍ ജിടെക്കിന്റെ ഭാഗമാണ്.

ഭാവിയിലേക്കുള്ള പാഠ്യപദ്ധതി പുനര്‍നിര്‍മ്മിക്കുക, അനുഭവവേദ്യപരമായ പഠനരീതി വളര്‍ത്തിയെടുക്കുക, ആഗോളതലത്തില്‍ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക, ഡിജിറ്റല്‍- സാങ്കേതിക വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യും. 2,000 ത്തിലധികം പ്രതിനിധികള്‍ ഏകദിന ഉച്ചകോടിയില്‍ പങ്കെടുക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടാലന്റ് ഇക്കോസിസ്റ്റത്തില്‍ നൈപുണിശേഷി ഏജന്‍സികളെയും കോളേജുകളെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ എങ്ങനെ പ്രാപ്തമാക്കാം എന്നതിനെക്കുറിച്ച് ഉച്ചകോടിയില്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കായി കോഡര്‍ സോണ്‍, ക്രിയേറ്റീവ് സോണ്‍, മേക്കര്‍ സോണ്‍, മാനേജേഴ്‌സ് സോണ്‍ തുടങ്ങിയവയും ഉച്ചകോടിയിലുണ്ടാകും.

ഏകദേശം 45,000 വിദ്യാര്‍ത്ഥികളാണ് മ്യുലേണിലുള്ളതെന്ന് മ്യുലേണ്‍ ചീഫ് വോളണ്ടിയര്‍ ദീപു എസ്. നാഥ് പറഞ്ഞു. അവരില്‍ ഇരുന്നൂറോളം പേര്‍ സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും ആഗോള ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ് ഉച്ചകോടി. സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യവസായ സംഘടനകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയുമായി മ്യുലേണ്‍ ധാരണാപത്രം കൈമാറും. ഗൂഗിള്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, അര്‍ഡുനോ, ക്യുസെവേഴ്‌സ് എന്നിവയുമായുള്ള പങ്കാളിത്തം ഉച്ചകോടിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.