തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള സോണല്‍ സെലക്ഷന്‍ ഏപ്രില്‍ 7 മുതല്‍ മെയ് 2 വരെ നടക്കും. 2025-26 അധ്യയന വര്‍ഷത്തെ 7, 8 ക്ലാസുകളിലേക്കും പ്ലസ് വണ്‍, കോളേജ്, ഡിഗ്രി (ഒന്നാം വര്‍ഷം) തലങ്ങളിലേക്കും അണ്ടര്‍ 14 വിമണ്‍ ഫുട്‌ബോള്‍ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തയ്‌ക്വോണ്ടോ, സൈക്ലിങ്, നെറ്റ് ബോള്‍, കബഡി, ഖോ-ഖോ, ഹോക്കി, ഹാന്‍ഡ് ബോള്‍ (കോളേജ് തലത്തില്‍ സോഫ്റ്റ് ബോളും വെയിറ്റ് ലിഫ്റ്റിങും മാത്രം), കനോയിങ് ആന്റ് കയാക്കിങ്, റോവിങ് എന്നീ ഇനങ്ങളിലേക്ക് നേരിട്ടാണ് സോണല്‍ സെലക്ഷന്‍ നടത്തേണ്ടത്. അത്ലറ്റിക്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീയിനങ്ങളില്‍ ജില്ലാതല സെലക്ഷനില്‍ യോഗ്യത നേടിയവര്‍ക്ക് മാത്രമേ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാനാകൂ.

ഏപ്രില്‍ 7 ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 8 ന് കോളേജ് തലത്തിലേക്കും കണ്ണൂര്‍ ധര്‍മശാല കെ എ പി ഗ്രൗണ്ടില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, റസ്ലിങ്, വോളിബോള്‍, തയ്‌ക്വോണ്ടോ, ഫെന്‍സിങ്, കബഡി ഇനങ്ങളില്‍ സോണല്‍ സെലക്ഷന്‍ നടക്കും. ഏപ്രില്‍ 9 ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14, കോളേജ് തലങ്ങളിലേക്ക് വയനാട് കല്‍പറ്റയിലെ എം കെ ജിനചന്ദ്ര സ്റ്റേഡിയത്തില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, റസ്ലിങ്, വോളിബോള്‍, ഫെന്‍സിങ്, ആര്‍ച്ചറി, കബഡി വിഭാഗങ്ങളില്‍ സോണല്‍ സെലക്ഷന്‍ സംഘടിപ്പിക്കും.

ഏപ്രില്‍ 11 ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 തലങ്ങളിലേക്കും ഏപ്രില്‍ 12 ന് കോളേജ് തലത്തിലേക്കും കോഴിക്കോട് തേഞ്ഞിപ്പാലത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ അത്ലറ്റിക്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, റസ്ലിങ്, നെറ്റ് ബോള്‍, ഖോ-ഖോ, ബോക്‌സിങ്, സ്വിമ്മിങ് ഹാന്‍ഡ് ബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, ഹോക്കി, ജൂഡോ, ആര്‍ച്ചറി ഇനങ്ങളില്‍ സെലക്ഷന്‍ നടക്കും.

ഏപ്രില്‍ 21 ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 22 ന് കോളേജ് തലത്തിലേക്കും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, ജൂഡോ, സോഫ്റ്റ് ബോള്‍, സൈക്ലിങ്, സ്വിമ്മിങ്, കബഡി, ഖോ-ഖോ, വെയ്റ്റ് ലിഫ്റ്റിങ്, ആര്‍ച്ചറി, ഫെന്‍സിങ് ഇനങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 23 ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 24 ന് കോളേജ് തലത്തിലേക്കും കോട്ടയം ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, ബോക്‌സിങ്, ജൂഡോ, റസ്ലിങ്, ആര്‍ച്ചറി, നെറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, വെയിറ്റ് ലിഫ്റ്റിങ് ഇനങ്ങളില്‍ സെലക്ഷന്‍ നടക്കും.

ഏപ്രില്‍ 26 ന് സ്‌കൂള്‍, പ്ലസ് വണ്‍, അണ്ടര്‍ 14 വിഭാഗങ്ങളിലേക്കും ഏപ്രില്‍ 27 ന് കോളേജ് തലത്തിലേക്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, ബോക്‌സിങ്, റസ്ലിങ്, നെറ്റ് ബോള്‍, ഫെന്‍സിങ്, തയ്‌ക്വോണ്ടോ, സൈക്ലിങ്, ഹോക്കി, കബഡി, ഹോന്‍ഡ് ബോള്‍, സ്വിമ്മിങ്, ഖോ-ഖോ ഇനങ്ങളില്‍ സെലക്ഷന്‍ നടക്കും. ഏപ്രില്‍ 9 ന് സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് വിഭാഗങ്ങളില്‍ ആലപ്പുഴയില്‍ വച്ച് റോവിങ്, കനോയിങ് ആന്റ് കയാക്കിങ് ഇനങ്ങളില്‍ സോണല്‍ സെലക്ഷന്‍ നടക്കും.