പത്തനംതിട്ട: വയോധികയെ വീട്ടില്‍ അതിക്രമിച്ചകയറി ബലാല്‍സംഗം ചെയ്ത പ്രതിക്ക് 15 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി. ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയില്‍ മുരുപ്പേല്‍ വീട്ടില്‍ ശിവദാസന്‍ (60) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴയടച്ചില്ലെങ്കില്‍ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

കോന്നി പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. മേയ് 10 ന് പകല്‍ വീട്ടില്‍ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് പ്രതി ഇരയാക്കുകയായിരുന്നു. അംഗന്‍വാടിയിലെ ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വയോധിക ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കോന്നി പോലീസ് വിവരം അറിയുകയും മൊഴിപ്രകാരം കേസെടുക്കുകയുമായിരുന്നു.

അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണ്‍ ആണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച് 17 ന് വിചാരണ ആരംഭിച്ചു. 12 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചു എന്ന പ്രത്യേകത ഈ കേസിനുണ്ട്. പ്രോസിഷന്‍ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി.