കോഴിക്കോട്: ബാലുശ്ശേരിയില്‍ മകന്റെയും മരുമകളുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു മകന്റെയും മരുമകളുടേയും മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് രതിയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചത്.

രതിയെ മകന്‍ രബിന്‍, മരുമകള്‍ ഐശ്വര്യ എന്നിവര്‍ ചേര്‍ന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രതിയെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ മകന്‍ രബിനെതിരേ ബാലുശേരി പോലീസ് കേസെടുത്തു.

സ്വത്ത് തര്‍ക്കമാണ് മര്‍ദനത്തിനു പിന്നിലെന്ന് രതിയുടെ മകള്‍ പറഞ്ഞു. ദുബായിലായിരുന്ന രബിന്‍ ലീവിന് നാട്ടിലെത്തിയ ദിവസം തന്നെയാണ് അമ്മയെ മര്‍ദിച്ചത്. സഹോദരന്‍ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് രതിയുടെ മകള്‍ പറഞ്ഞു. അമ്മയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.