പാലക്കാട്: ഷൊര്‍ണ്ണൂരില്‍ 15കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വാങ്ങിനല്‍കിയ സംഭവത്തില്‍ പ്രതി പിടിയില്‍. രണ്ടുദിവസം മുന്‍പായിരുന്നു സംഭവം. 15 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് മദ്യം വാങ്ങിനല്‍കിയത്. കൂനത്തറ സ്വദേശിയായ ക്രിസ്റ്റി(20)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങിനല്‍കിയതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.

മദ്യം കിട്ടിയെങ്കിലും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് വെള്ളംപോലും ചേര്‍ക്കാതെ ഇരുവരും മദ്യം ഗ്ലാസിലൊഴിച്ച് കുടിച്ചു. പിന്നാലെ രണ്ടുപേരും ഛര്‍ദിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഇരുവരെയും അവശനിലയില്‍ കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി രണ്ടുകുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ തിരക്കിയതോടെയാണ് മദ്യം വാങ്ങിനല്‍കിയത് ക്രിസ്റ്റിയാണെന്ന് വ്യക്തമായത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥികളായ രണ്ടുപേരും ഇയാളുടെ സുഹൃത്തുക്കളാണ്.