അടിമാലി: മൂന്നാര്‍ പഴത്തോട്ടത്തില്‍ മേയാന്‍വിട്ട പശുവിനെ പുലി കൊന്ന് തിന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശരവണന്‍ എന്നയാളുടേതാണ് പശു.

കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയില്‍ പകല്‍ സമയത്ത് കടുവയെ കണ്ടതിന്റെ ഭീതി മാറും മുന്‍പാണ് പുലിയുടെ ആക്രമണം. ഇതോടെ തോട്ടം തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങാന്‍ പോലും ഭയക്കുകയാണ്.

ആറ് മാസത്തിനിടെ മൂന്നാര്‍ മേഖലയില്‍ 30ലേറെ വളര്‍ത്ത് പശുക്കളെ കടുവയും പുലിയും കൊന്നിട്ടുണ്ട്. ഇതിന് പുറമെ കാട്ടുനായ ആക്രമണവും വ്യാപകമാണ്.

വനത്തില്‍ തന്നെ രണ്ട് മ്ലാവുകളെയും നിരവധി മാനുകളെയും കാട്ടുനായകള്‍ ആക്രമിച്ച് കൊന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം വട്ടവടയില്‍ 100ലേറെ ആടുകളെ കാട്ടുനായ കടിച്ച് കൊന്നിരുന്നു.