- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; റോഡിലേക്ക് തെറിച്ചു വീണ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് വീണത് വെള്ളക്കുഴിയില്‍: മുങ്ങി പോയ കുഞ്ഞിനെ രക്ഷിച്ച് വഴിയാത്രക്കാരന്
ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു
കാഞ്ഞങ്ങാട്: ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോയുടെ പിന്‍ സീറ്റിലിരുന്ന അമ്മയും കുഞ്ഞും റോഡിലേക്കു തെറിച്ചുവീണു. അമ്മയുടെ കൈയിലുണ്ടായിരുന്ന ഒന്നരവയസ്സുള്ള കുട്ടി ചെന്നു വീണതാവട്ടെ വെള്ളം നിറഞ്ഞ കുഴിയില്‍. കുട്ടിയെ കാണാതായതോടെ യുവതി തപ്പി നടക്കുന്നത് കണ്ട നാട്ടുകാരനാണ് കുഴിയിലെ വെള്ളത്തില്‍ മുങ്ങിപോയ കുഞ്ഞിനെ രക്ഷിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴോടെ കാഞ്ഞങ്ങാട് കുളിയങ്കാലിലാണ് സംഭവം. ക്ഷേത്രദര്‍ശനത്തിന് പോകുകയായിരുന്നു അമ്മയും കുഞ്ഞും. കഴിഞ്ഞ രാത്രിയില്‍ പെയ്ത മഴയിലാണ് കുഴികള്‍ രൂപപ്പെട്ടത്. ചെറുതും വലുതുമായ ഒന്നിലേറെ കുഴികളുണ്ടായിരുന്നു. കുഴിയില്‍ ടയര്‍ പതിഞ്ഞതും ഓട്ടോറിഷ തെന്നി മറിയുകയായിരുന്നു.
കുളിയങ്കാലില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിയുമ്പോള്‍ റോഡിന്റെ എതിര്‍വശത്തുണ്ടായിരുന്നു അബ്ദുള്‍ ഖാദര്‍ എന്നയാളാണ് കുഞ്ഞിനെ രക്ഷിച്ചത്. അപകടം കണ്ട് ഓടിയെത്തുമ്പോള്‍ കുഞ്ഞെവിടെയെന്ന് നോക്കുകയായിരുന്നു അമ്മ. കുഴിയിലെ വെള്ളത്തിലേക്കാണ് കുട്ടി വീണിരുന്നത്. വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. പെട്ടെന്നു എടുത്തതിനാല്‍ അപായമൊന്നും സംഭവിച്ചില്ല'-അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കുളിയങ്കാല്‍ ജുമാ മസ്ജിദ് ഖജാന്‍ജിയാണിദ്ദേഹം.
കഴിഞ്ഞ രാത്രിയിലെ മഴയില്‍ ഇവിടെ വലിയ കുഴികള്‍ രൂപപ്പെട്ടിണ്ടുണ്ടെന്ന് അറിഞ്ഞ ഉടന്‍ ഇദ്ദേഹം അവിടേക്ക് ഒടിയെത്തി വാഹനങ്ങളോട് ഇക്കാര്യം വിളിച്ചുപറയുന്നുണ്ടായിരുന്നു. ബൈക്കില്‍ പോകുകയായിരുന്ന കാഞ്ഞങ്ങാട് സൗത്തിലെ ദമ്പതിമാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് കുഴിയില്‍ വീണത്. കൗണ്‍സിലര്‍ ടി. മുഹമ്മദ്കുഞ്ഞിയുള്‍പ്പെടെയുള്ളവരെത്തി അധികൃതരെ വിവരമറിയിക്കുകയും പിന്നീട് മേഘാ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉദ്യോഗസ്ഥരെത്തുകയും ചെയ്തു. ഉച്ചയോടെ കുഴികളെല്ലാം അടച്ചു.