- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതല; വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതേണ്ട'; കേരള സര്‍വകലാശാലയ്ക്ക് ലോകായുക്തയുടെ വിമര്‍ശം
കേരള സര്‍വകലാശാലയ്ക്ക് ലോകായുക്തയുടെ വിമര്‍ശം
തിരുവനന്തപുരം: കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലാ നിര്‍ദ്ദേശം ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കാനറ ബാങ്കില്‍ നിന്ന് വിദ്യാര്‍ത്ഥിനി വിദ്യാഭ്യാസ വായ്പ നേടിയിരുന്നു. കോഴ്സ് പൂര്‍ത്തിയായി വിദ്യാര്‍ത്ഥിനി ജോലിയും നേടിയിരുന്നു. ഉത്തരക്കടലാസുകള്‍ നഷ്ടമായതോടെ നടത്തിയ പുനപരീക്ഷയെഴുതാന്‍ അഞ്ജനയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടി ലോകായുക്തയെ സമീപിക്കുകയായിരന്നു.
ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത പറഞ്ഞു. പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാനും ലോകായുക്ത നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ലെന്ന് നിരീക്ഷിച്ചാണ് നടപടി.
എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എന്‍ അനില്‍ കുമാര്‍, വി ഷിര്‍സി എന്നിവര്‍ ഉള്‍പ്പെട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. പുനപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാല തീരുമാനം യുക്തിപരമല്ലെന്നും ലോകായുക്ത വിലയിരുത്തി. കാലതാമസത്തിന് ശേഷം പരീക്ഷ എഴുതാന്‍ നിര്‍ദേശിക്കുന്നത് ശരിയായ നടപടിയല്ല. കാലാന്തരത്തില്‍ അക്കാദമിക് കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകാം. പുനപരീക്ഷയെഴുതുന്നത് വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.