കോതമംഗലം: കോതമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. പതിനാറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മന്നന്‍ ഹുസൈന്‍ മണ്ഡല്‍ (44), മുസ്ലീം ഷെയ്ഖ് (33) എന്നിവരെയാണ്, കോതമംഗലം പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുമലപ്പടി ബസ് സ്റ്റോപ്പില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരു കിലോ വീതമുള്ള പതിനാറ് പൊതികളിലായാണ് കഞ്ചാവ് ഒഡീഷയില്‍ നിന്നും കൊണ്ടുവന്നത്. കഞ്ചാവ് പൊതികള്‍ തുണികള്‍ക്കിടയിലാക്കി പ്രത്യേക ബാഗുകളിലാണ് ഒളിപ്പിച്ചിരുന്നത്.

ഇവര്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണ്. ഒഡീഷയില്‍ നിന്ന് വാങ്ങി പത്തിരട്ടി വിലയ്ക്ക് ഇവിടെ ക്കൊണ്ടുവന്ന് വില്‍പ്പന നടത്തും. പല സ്ഥലങ്ങളിലായി തീവണ്ടിയിറങ്ങി ബസിലും, ഓട്ടോയിലുമായി ഇവര്‍ സ്ഥലത്തെത്തും. അധികം വൈകാതെ തിരിച്ചു പോവുകയും ചെയ്യും. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയ്, എസ്.ഐമാരായ ഷാഹുല്‍ ഹമീദ്, ആല്‍ബിന്‍ സണ്ണി, പി.വി എല്‍ദോസ്, കെ.ആര്‍ ദേവസ്യ, എ.എസ്.ഐ സി.കെ നവാസ്, സീനിയര്‍ സി പി ഒ സലിം പി ഹസന്‍, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്