തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി എസ് ഹരികിഷോറിനെ നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറിയായ ഹരികിഷോറിന് നോര്‍ക്കയുടെ അധിക ചുമതലയും നല്‍കി. ലോക കേരള സഭയുടേയും ചുമതല ഹരി കിഷോറിനാണ്.

ദീര്‍ഘകാലം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഹരികിഷോര്‍. കെ.എസ്.ഐ. ഡി.സി എം.ഡി, പത്തനംതിട്ട ജില്ല കളക്ടര്‍, ടൂറിസം ഡയറക്ടര്‍, എസ്.സി/എസ്.ടി ഡയറക്ടര്‍, മാനന്തവാടി, ചെങ്ങന്നൂര്‍ സബ് കളക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2008 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കൊല്ലം അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ് ഹരികിഷോര്‍.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 14ാം റാങ്ക് നേടിയ ഇദ്ദേഹം 2008 ബാച്ച് ഉദ്യോഗസ്ഥനാണ്. ഐഐടി കാണ്‍പൂരില്‍നിന്ന് എംടെക്കില്‍ ഉന്നതബിരുദം നേടിയശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. പയ്യന്നൂര്‍ കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ. കെ എച്ച് സുബ്രമണ്യനും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക പി കെ സരളയുമാണ് മാതാപിതാക്കള്‍.