- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളേയും ലഹരിക്ക് വിട്ടുകൊടുക്കില്ല; സണ്‍ഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; രാഷ്ട്രീയ പാര്‍ട്ടികളുടെയും മത മേലധ്യക്ഷന്മാരുടെയും പിന്തുണ ഉറപ്പാക്കി; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി
ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിക്കെതിരായ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ക്യാമ്പയില്‍ വിപുലമാക്കുമെന്നും ഇതിനായ രാഷ്ട്രീയ പാര്‍ട്ടികളുടേയും മതനേതാക്കളുടേയും പിന്തുണ ഉറപ്പാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവും യോഗത്തില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലഹരിവിരുദ്ധ കാഴ്ചപ്പാട് പുലര്‍ത്തുന്നവരാണ് എല്ലാ മതസാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും. ഏതെങ്കിലും മതമോ ജാതിയോ പാര്‍ട്ടിയോ ലഹരി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലര്‍ത്താന്‍ അനുയായികളോട് അഭ്യര്‍ത്ഥിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ മതവിഭാഗങ്ങളില്‍പെട്ടവര്‍ ഒത്തു കൂടുന്ന സവിശേഷ ദിവസങ്ങള്‍, അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ സന്ദേശം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സണ്‍ഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കാനും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ജൂണില്‍ വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി വ്യാപനം തടയാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളേയും ലഹരിക്ക് വിട്ടുകൊടുക്കില്ല. ഇത്തരം ഒരു പൊതുബോധത്തോടെയുള്ള ഇടപെടല്‍ ഉറപ്പുവരുത്തണമെന്നാണ് ഇരു യോഗങ്ങളും ഒറ്റക്കെട്ടായി തീരുമാനിച്ചതെന്നും ഏപ്രില്‍ മെയ് മാസങ്ങളി ക്യാമ്പയിന്‍ ഒരുക്കം നടത്തണമെന്നും ജൂണ്‍ മാസത്തില്‍ വിപുലമായ ക്യാമ്പയിനിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളേയും യുവജനങ്ങളേയും ഊന്നിയാണ് പ്രധാനമായും ക്യാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരിക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. ഏപ്രില്‍ 8 മുതല്‍ 14 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 15,327 വ്യക്തികളെ പരിശോധനയ്ക്ക് വിധേയമാക്കി. 927 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 994 പേരെ അറസ്റ്റ്‌ചെയ്യുകയും ചെയ്തു. 248.93 ഗ്രാം എംഡി എം എയും 77.127 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളും വിഷയങ്ങളും നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പരായ നാഷണല്‍ നര്‍കോട്ടിക്‌സ് ഹെല്പ് ലൈന്‍ 1933 നമ്പറും എഡിജിപി എല്‍ & ഓയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്റി നാര്‍കോട്ടിക് സെല്‍ വിഭാഗത്തിന്റെ 9497979794, 9497927797 നമ്പരുകളും, കേരളാ പൊലീസ് ആരംഭിച്ച യോദ്ധാവ് എന്ന പദ്ധതിയിലെ 9995966666 എന്ന വാട്ട്‌സാപ്പ് നമ്പറും 24 മണിക്കൂറും ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഴിമതി ഇല്ലാതാക്കാനുള്ള ക്യാമ്പയിന്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വിജിലന്‍സ് പ്രവര്‍ത്തനം വിപുലമാക്കും. മാര്‍ച്ചില്‍ മാത്രം 14 പേരെ വിജിലന്‍സ് പിടികൂടി. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കി. ഇതില്‍ ചിലര്‍ പിടിയിലായി. അഴിമതി കേസുകള്‍ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.