കോട്ടയം: പൊതുമരാമത്ത് വകുപ്പിലെ വനിതാ അസിസ്റ്റന്റ് എന്‍ജിനീയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയെന്ന് ആരോപിച്ച് പിതാവ്. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് മകളുടെ രാജിക്ക് പിന്നില്‍ മന്ത്രിയുടെ ഓഫിസിലെ അഴിമതിയെന്ന് പിതാവ് വെളിപ്പെടുത്തിയത്. കോഴിക്കോട് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) ആയിരുന്ന എറണാകുളം കാക്കനാട് കുസുമഗിരി ശാന്തിനഗര്‍ യാര ഏബ്രഹാമിന്റെ രാജിക്കു പിന്നാലെയാണ് പിതാവും പൊതുമരാമത്ത് വകുപ്പ് റിട്ട.സീനിയര്‍ സൂപ്രണ്ടുമായ തിരുവാതുക്കല്‍ യോബേല്‍ വീട്ടില്‍ ഏബ്രഹാം ജോയല്‍ സമൂഹ മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചത്.

2020 സെപ്റ്റംബര്‍ 18ന് ജോലിയില്‍ കയറി യാര കഴിഞ്ഞ മാര്‍ച്ച് 29ന് ആണ് രാജിവച്ചത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് സ്ഥലമാറ്റത്തിനു അപേക്ഷിച്ചിട്ട് ലഭിച്ചിരുന്നില്ല. വകുപ്പുതല നടപടിയോ വിജിലന്‍സ് കേസുകളോ നേരിടുന്നില്ലെന്ന 'ഗുഡ്‌സര്‍വീസ്' സര്‍ട്ടിഫിക്കറ്റോടെയാണ് യാരയുടെ രാജി. മന്ത്രിയുടെ ഓഫിസിലെ ഇടപെടലുകള്‍ കൊണ്ട് കൂടുതല്‍ ജീവനക്കാര്‍ അസ്വസ്ഥരാണെന്നും ചില ഉന്നത ജീവനക്കാരുടെ പെരുമാറ്റമാണ് പ്രശ്‌നമെന്നും ഏബ്രഹാം പറഞ്ഞു.

ഏബ്രഹാം ജോയല്‍ എഴുതിയ കുറിപ്പില്‍ നിന്ന്: 'പൊതുമരാമത്തു വകുപ്പ് ചീഫ് എന്‍ജിനീയര്‍ വെറും ചീപ് എന്‍ജിനീയറായി മാറിയിരിക്കുന്ന ദുരവസ്ഥയിലാണ്. മന്ത്രിയുടെ ഓഫിസില്‍ പൊതുസ്ഥലമാറ്റത്തിനായി 'പഴ്‌സനല്‍ സ്റ്റാഫ് എന്ന സര്‍വാധികാര്യക്കാരുടെ കാലു പിടിക്കാന്‍ മനസ്സില്ലാത്തതു കൊണ്ട് എന്റെ മകള്‍ പൊതുമരാമത്തു വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉദ്യോഗം രാജിവച്ചിരിക്കുന്നു. എല്‍എല്‍ബി ബിരുദധാരി കൂടിയാണവള്‍. മറ്റ് വിവിധ പിജി ഡിപ്ലോമകളുമുണ്ട്. അതിനാല്‍ ഇനി കറുത്ത ഗൗണ്‍ അണിയാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാവരും വന്നു തല കുനിക്കുന്നിടത്തേയ്ക്കുള്ള ചുവടുമാറ്റം. സര്‍ക്കാര്‍ സര്‍വീസിനോടു വിട പറഞ്ഞ മകള്‍ക്ക് അഭിനന്ദനങ്ങള്‍.'