കൊല്ലം: ഏരൂരില്‍ ഗൃഹനാഥന്‍ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ട് തീ കൊളുത്തിയശേഷം വീട്ടില്‍ തൂങ്ങിമരിച്ചു. കുടുംബവഴക്കിനെ തുടര്‍ന്ന് ഏരൂര്‍ ചില്ലിങ് പ്ലാന്റ് മംഗലത്തറ വീട്ടില്‍ വിനോദ്കുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീട് പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വിനോദ്കുമാര്‍ വീട്ടുസാധനങ്ങള്‍ അടിച്ചുനശിപ്പിച്ചശേഷം അടുക്കളയില്‍നിന്ന് പാചകവാതക സിലിന്‍ഡര്‍ കിടപ്പുമുറിയില്‍ കൊണ്ടുവെച്ച് വാതകം തുറന്നുവിടാന്‍ ശ്രമിക്കുന്നതുകണ്ട് മരുമകള്‍ കൃഷ്ണ കുഞ്ഞിനെയുമെടുത്ത്, വിനോദിന്റെ ഭാര്യ ലതയെയും കൂട്ടി പുറത്തേക്കോടി. ഈ സമയം വിനോദ്കുമാര്‍ മുറിയില്‍കയറി എല്ലാ കതകുകളും കുറ്റിയിട്ടു. പോലീസെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇയാള്‍ വീടിന് തീ കൊളുത്തുകയായിരുന്നു. പുനലൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചശേഷം പോലീസുമായി ചേര്‍ന്ന് വീടിന്റെ കതകുപൊളിച്ച് അകത്തു കടന്നപ്പോഴാണ് മറ്റൊരു മുറിയില്‍ വിനോദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. വീടിന്റെ കതകുകള്‍ അകത്തുനിന്നു പൂട്ടിയതുകൊണ്ട് പോലീസിന് അകത്തു കയറാന്‍ ആദ്യം കഴിഞ്ഞില്ല. വീട്ടുസാധനങ്ങള്‍ കത്തിനശിക്കുകയും ഭിത്തികള്‍ വിണ്ടുകീറുകയും ചെയ്തു. വീടന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.

പൊട്ടിത്തെറിയില്‍ അയല്‍വാസിയായ രാജുക്കുഞ്ഞിന്റെ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നു. വിനോദ്കുമാറിന്റെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാമിന് പൊള്ളലേറ്റു. ഭാര്യ: ലത. മക്കള്‍: വിഷ്ണു, വിനീത്. ഏരൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.