കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.