- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരു വര്‍ഷത്തേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് നാടുകടത്തി; നടപടി പന്തളത്തെ റാഷിഖിനെതിരെ
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പന്തളം കുരമ്പാല തോന്നല്ലൂര്‍ ഉളമയില്‍ റാഷിഖ് (24)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശപ്രകാരമുള്ള ഉത്തരവിനെ തുടര്‍ന്ന് പുറത്താക്കിയത്. കവര്‍ച്ച, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച 5 കേസുകള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവുണ്ടായത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ( കാപ്പ ) വകുപ്പ് 15 (1) പ്രകാരമാണ് നടപടി. ഉത്തരവ് ഇന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.
2019 മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ് പ്രതി. പന്തളം പോലീസ് സ്റ്റേഷനിലെ അഞ്ചു കേസുകള്‍ക്ക് പുറമേ, നൂറനാട് പോലീസ് സ്റ്റേഷനിലെ രണ്ടു കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട് ഇയാള്‍. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന യുവാവ് ഉള്‍പ്പെടുന്ന ' അറിയപ്പെടുന്ന റൗഡി ' യുമാണ്. നേരത്തെ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, ഡി ഐ ജി നേരില്‍ കേള്‍ക്കുകയും ചെയ്തിരുന്നു. അടിക്കടി സമാധാന ലംഘനമുണ്ടാക്കിവന്ന ഇയാള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കി പന്തളം പോലീസ്, അടൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. യുവാവിനെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.
ഏറ്റവും ഒടുവിലത്തെ കേസ് 2024 സെപ്റ്റംബര്‍ 29 ന് രജിസ്റ്റര്‍ ചെയ്തതാണ്. പന്തളത്തെ ഒരു മൊബൈല്‍ കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്‍പ്പിച്ചതിനെടുത്ത കേസാണിത്. കേസില്‍ രണ്ടാം പ്രതിയാണ് റാഷിഖ്. പന്തളം പോലീസ് നവംബര്‍ 27ന് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. തുടര്‍ന്ന്, ഈവര്‍ഷം ജനുവരി 9 ന് ജാമ്യത്തിലിറങ്ങി. ഡി ഐ ജിയുടെ ഉത്തരവുപ്രകാരം ഇപ്പോള്‍ നാടുകടത്തപ്പെട്ട പ്രതി, ഉത്തരവ് നിലനില്‍ക്കെ കുറ്റകൃത്യങ്ങളില്‍ എര്‍പ്പെട്ടാല്‍ കാപ്പ 15(4) പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത്തരത്തില്‍ നിരന്തരം ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെട്ട് പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ലംഘനം സൃഷ്ടിക്കുന്ന കുറ്റവാളികള്‍ക്കെതിരെ, കാപ്പാ വകുപ്പുകള്‍ പ്രകാരം ശക്തമായ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.