- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി അപേക്ഷ കൃത്യസമയത്തു പരിഗണിച്ചില്ല; ജോളി മധുവിന്റെ മരണത്തില്‍ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്: ജോളിയെ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തു നല്‍കി സെക്രട്ടറി
ജോളി മധുവിന്റെ മരണത്തില്‍ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കേന്ദ്ര കയര്‍ ബോര്‍ഡ് ഓഫിസിലെ ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ആരോപണ വിധേയരായ മുന്‍ സെക്രട്ടറി ജെ.കെ. ശുക്ല, ജോയിന്റ് ഡയറക്ടര്‍ പി.ജി. തോട്കര്‍, അഡ്മിന്‍ ഇന്‍ ചാര്‍ജ് സി.യു. ഏബ്രഹാം എന്നിവര്‍ക്കു ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ബുദ രോഗബാധിതയായ ജോളിയെ ഇവര്‍ വളരെ അധികം കഷ്ടപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയുടെ ചുമതലയുള്ള ജി. അരുണ്‍, ബോര്‍ഡ് ചെയര്‍മാന്‍ വിപുല്‍ ഗോയലിനു കത്തു നല്‍കി.
അര്‍ബുദ രോഗബാധിതയായ ജോളിക്ക് ആ പരിഗണന പോലും നല്‍കാതെ മാനസികമായി വളരെ അധികം പീഡീപ്പിച്ചു. അവധി അപേക്ഷ കൃത്യസമയത്തു സുതാര്യമായും മാന്യമായും കൈകാര്യം ചെയ്യുന്നതില്‍ ഈ ഉദ്യോഗസ്ഥര്‍ക്കു തെറ്റുപറ്റിയെന്നും അപേക്ഷയില്‍ തീരുമാനമെടുക്കാതെ അനാവശ്യമായി ദീര്‍ഘിപ്പിച്ച് അവര്‍ക്കു പ്രയാസമുണ്ടാക്കിയതായും കത്തില്‍ പറയുന്നു. 2024 സെപ്റ്റംബര്‍ 19ന് ഇറക്കിയ ബോര്‍ഡിലെ 15 പേരുടെ സ്ഥലംമാറ്റ ഉത്തരവില്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ മുന്‍ സെക്രട്ടറിയുടെ ഭാഗത്തു വീഴ്ചയുണ്ടായി.
അക്കൗണ്ട്‌സ് മാനേജര്‍ എച്ച്. പ്രസാദ് കുമാറിനെ എത്രയും വേഗം കൊച്ചിയിലെ ആസ്ഥാന ഓഫിസില്‍ നിന്നു സ്ഥലം മാറ്റണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ രണ്ടാഴ്ച മുന്‍പു തന്നെ ആലപ്പുഴ കലവൂരിലെ ഓഫിസിലേക്കു സ്ഥലം മാറ്റിയിട്ടുണ്ട്. കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫിസില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫിസറായിരുന്ന ജോളി മധു, പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെ ഫെബ്രുവരി 10നാണു മരിച്ചത്. കാന്‍സര്‍ അതിജീവിത എന്ന പരിഗണന പോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി കാണിച്ചു ജോളി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു.