- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി; അന്വേഷണത്തിനിടെ പോലിസിനെ വഴിതെറ്റിക്കാനും പെണ്‍കുട്ടികളുടെ ശ്രമം: നാടുവിട്ടത് എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തില്‍
കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി;
തൃശൂര്‍: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി കാണാതായ പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെയും തിങ്കളാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കുന്നതിനിടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് മൂന്ന് പേരെയും പോലിസ് കണ്ടെത്തുന്നത്. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ അടക്കം കൃത്യമായ പ്ലാനിങ് തയ്യാറാക്കിയാണ് കുട്ടികള്‍ യാത്ര തിരിച്ചത്. ഇത് തിരിച്ചറിഞ്ഞ് നടത്തിയ ശ്രമമാണ് കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്.
കത്തെഴുതി വെച്ച ശേഷമാണ് കുട്ടികള്‍ നാടുവിട്ടത്. ഷൊര്‍ണൂര്‍ ഉള്ള ഒരു കുട്ടിയുടെ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് പോകുന്നതെന്നും, ഷൊര്‍ണൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഉള്ള ടിക്കറ്റ് ചാര്‍ജ്, അവിടെ നിന്നും പുണെയിലേക്കുള്ള ടിക്കറ്റ് ചാര്‍ജ്, തുടര്‍ന്ന് മഹാരാഷ്ട്രയിലെ തന്നെ രഞ്ജന്‍ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങളാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതു വിശ്വാസത്തിലെടുത്ത പോലിസ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കോയമ്പത്തൂരിലെ ഉക്കടം എന്ന ഭാഗത്താണെന്ന് കണ്ടെത്തി. ഇതോടെ ഇവര്‍ ഈ വഴി തന്നെയാണ് പോയതെന്ന് പോലീസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചു.
ഇതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ നിന്നും പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയില്‍വേ സേനയും ടിക്കറ്റ് എക്‌സാമിനര്‍മാരും വണ്ടി തിരുപ്പൂര്‍ എത്തുന്നതിനിടയില്‍ പൂര്‍ണ്ണമായും പരിശോധിച്ചുവെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇതോടെ പോലിസിന് സംശയമായി. തുടര്‍ന്ന് എസ് ഐ ഇ.വി. സുഭാഷ് കുട്ടികള്‍ എഴുതിയ കത്ത് കൃത്യമായി പരിശോധിച്ചപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. കാരണം കുട്ടികളെ കാണാതാവുമ്പോള്‍ പോലീസില്‍ പരാതി ലഭിക്കുമെന്നും പോലീസ് അന്വേഷിച്ച് എത്തുമെന്നും പിടിക്കപ്പെടുമെന്നും അറിയാവുന്ന കുട്ടികള്‍ കൃത്യമായി റൂട്ട് എഴുതി വച്ചത് അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ ആണെന്ന് പോലീസ് ഉറപ്പിച്ചു.
ഉടന്‍ തന്നെ കോയമ്പത്തൂരില്‍ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിന്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ ആ ട്രെയിന്‍ കേന്ദ്രീകരിച്ചായി അന്വേഷണം. ട്രെയിന്‍ എത്താന്‍ എതാനും മിനിറ്റുകള്‍ക്ക് മുമ്പ് കുട്ടികള്‍ പ്‌ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ കാത്തു നിന്ന പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ സമാധാനിപ്പിച്ച ശേഷം രാത്രിയോടെ രക്ഷിതാക്കളെയും എത്തിച്ച് ഇവരെ ഷോര്‍ണൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ചെറുതുരുത്തി അഡിഷണല്‍ എസ് ഐ ഇ.വി. സുഭാഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനീത് മോന്‍, വനിതാ പോലീസ് ഓഫീസര്‍ പിയുഷ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.